അഞ്ച് ബിജെഡി എംപിമാരും ഒരു വൈഎസ്ആർ കോൺഗ്രസ് എംപിയും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചെന്ന് രാജ്യസഭാ രേഖകൾ
വൈഎസ്ആർ കോൺഗ്രസ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകിയിരുന്നു. സ്വയം തീരുമാനമെടുക്കാനായിരുന്നു എംപിമാർക്ക് ബിജെഡിയുടെ നിർദേശം.

ന്യൂഡൽഹി: ബിജു ജനതാദളിന്റെ അഞ്ച് എംപിമാരും ഒരു വൈഎസ്ആർ കോൺഗ്രസ് എംപിയും വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്ന് പാർലമെന്റ് രേഖകൾ. ഇരു പാർട്ടികൾക്കും ഏഴ് വീതം എംപിമാരാണുള്ളത്. 12 മണിക്കൂർ നീണ്ട സംവാദത്തിന് ശേഷം ഏപ്രിൽ നാലിന് പുലർച്ചെയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 127 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 പേർ എതിർത്തു.
എഐഎഡിഎംകെ, ബിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി യോജിച്ചാണ് ഇൻഡ്യാ സഖ്യം ബില്ലിനെതിരെ പോരാടിയത്. ബില്ലിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ബിജെഡി വോട്ടിങ്ങിൽ സ്വയം തീരുമാനമെടുക്കാനാണ് എംപിമാരോട് ആവശ്യപ്പെട്ടത്. എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ കൂടി ചേർന്നതോടെ ബില്ലിനെ എതിർത്ത് 100 വോട്ടുകൾ ലഭിക്കുമെന്നാണ് ഇൻഡ്യാ സഖ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 95 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ബിജെഡി എംപിയായ മുസീബുല്ലാ ഖാൻ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ പാർട്ടി നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ ദേബാശിഷ് സാമന്ത്‌റായ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സസ്മിത് പത്ര, സുലത ഡിയോ, സുഭാഷിഷ് ഖുന്തിയ, മാനസ് രഞ്ജൻ മങ്‌രാജ്, നിരഞ്ജൻ ബിഷി എന്നിവരാണ് ബില്ലിനെ അനുകൂലിച്ചത്.
ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിൽ കക്ഷിനേതാവായ സസ്മിത് പത്രക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയർന്നിരുന്നു. ബില്ലിനെ എതിർക്കുമെന്നാണ് നേരത്തെ പറഞ്ഞതെങ്കിലും വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് എംപിമാർക്ക് സ്വന്തം താത്പര്യപ്രകാരം വോട്ട് ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു.
സസ്മിത് പത്രയും സുലത ഡിയോയും അനുകൂലിച്ചും മുസീബുല്ലാ ഖാൻ എതിർത്തും വോട്ട് ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. മറ്റുള്ളവരെ നിലപാടിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. പത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എതിർത്ത് വോട്ട് ചെയ്യണമെന്ന് പാർട്ടി വിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈഎസ്ആർ കോൺഗ്രസിന്റെ നിലപാട് സംബന്ധിച്ച് തുടക്കത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ഏപ്രിൽ മൂന്നിന് രാത്രി വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ എംപിമാർക്ക് വിപ്പ് നൽകി. വൈഎസ്ആർ കോൺഗ്രസിലെ പരിമൾ നത്‌വാനി മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. മറ്റുള്ള ആറുപേരും എതിർത്ത് വോട്ട് ചെയ്തു. എഎപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സ്വാതി മാലിവാളും ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തത്.
ബിആർഎസ് (നാല്), എഐഎഡിഎംകെ (നാല്), കോൺഗ്രസ് (27), ഡിഎംകെ (10), സിപിഎം (നാല്), എസ്പി (നാല്), മുസ്‌ലിം ലീഗ് (രണ്ട്), സിപിഐ (രണ്ട്), ശിവസേന ഉദ്ധവ് വിഭാഗം (രണ്ട്) എന്നിങ്ങനെയാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തവരുടെ എണ്ണം.
Adjust Story Font
16

