Quantcast

500ഓളം തെരുവ്നായ്ക്കളെ വിഷം കുത്തിവെച്ചു കൊന്നു;തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്‍റെ ഭാഗമെന്ന് പരാതി

ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു

MediaOne Logo

ലിസി. പി

  • Updated:

    2026-01-14 12:11:17.0

Published:

14 Jan 2026 4:35 PM IST

500ഓളം തെരുവ്നായ്ക്കളെ വിഷം കുത്തിവെച്ചു കൊന്നു;തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്‍റെ ഭാഗമെന്ന് പരാതി
X

ഹൈദരാബാദ്:തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളില്‍ 500ഓളം തെരുവ് നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നതായി പരാതി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 200 തെരുവ് നായ്ക്കളെ കൊന്നെന്നും പരാതിയുണ്ട്. മൃഗസംരക്ഷണ പ്രവർത്തകരുടെ പരാതിയില്‍ ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15 പേര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു.

ഡിസംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തെരുവ് നായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യത്തെ നേരിടുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്‍റെ ഭാഗമായാണ് നായ്ക്കളെ കൂട്ടമായി കൊലപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം അടുത്തിടെ ഗ്രാമങ്ങളില്‍ വര്‍ധിച്ചിരുന്നു.ഇതു മുതലെടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍' തെരുവ് നായ്ക്കളില്ലാത്ത ഗ്രാമം' സ്ഥാനാര്‍ഥികള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും സൂചനയുണ്ട്.

പ്രതികൾ ഗ്രാമങ്ങൾ സന്ദർശിച്ച് നായ്ക്കൾക്ക് 'മരുന്ന്' നൽകിയതായും ഇത് തൽക്ഷണം മരണത്തിന് കാരണമായതായും പൊലീസ് പറഞ്ഞു.അതിനിടെ. ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരി മുനിസിപ്പാലിറ്റിയിൽ വിഷം കുത്തിവെച്ച് നായ്ക്കളെ കൊല്ലുന്ന വിഡിയോകളും പുറത്ത് വന്നിട്ടുണ്ട്.തെരുവില്‍ മറ്റ് രണ്ട് നായ്ക്കള്‍ ചത്തുകിടക്കുന്നതും വിഡിയോയില്‍ കാണാമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് ഈ മുനിസിപ്പാലിറ്റിയിൽ കുറഞ്ഞത് 50 നായ്ക്കളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഹൻമകൊണ്ടയിൽ 110 നായ്ക്കളുടെ ജഡങ്ങൾ കുഴിച്ചെടുത്തതായി ശ്യാംപേട്ടയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്താൻ അവയിൽ ചിലതിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ട്.മരണകാരണം കൃത്യമായി അറിയാനും വിഷം തിരിച്ചറിയുന്നതിനുമായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ഈ മാസം ആദ്യം ഹനംകൊണ്ട ജില്ലയിൽ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ 300 തെരുവ് നായ്ക്കളെ കൊന്നെന്ന പരാതിയില്‍ രണ്ട് വനിതാ പഞ്ചായത്ത് അംഗങ്ങള്‍,അവരുടെ ഭര്‍ത്താക്കന്മാര്‍,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങി ഒമ്പത് പേർക്കെതിരെ കേസെടുത്തിരുന്നു.

TAGS :

Next Story