റോഡുകളില്‍ പ്രതിദിനം പൊലിയുന്നത് 546 ജീവനുകൾ; കൂടുതല്‍ പേര്‍ മരിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍! ഞെട്ടിക്കുന്ന കണക്കുകള്‍
റെയിൽവേ ക്രോസിംഗ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് യുപി, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിലാണ്

- Published:
7 May 2026 6:45 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണസംഖ്യ ആശങ്കാജനകമായി ഉയരുന്നതായി നാഷണൽ ക്രൈം റെക്കോർഡ്‍സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പുതിയ കണക്കുകൾ. 2024-ൽ മാത്രം രാജ്യത്ത് വിവിധ ട്രാഫിക് അപകടങ്ങളിലായി 1.99 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് പ്രതിദിനം ശരാശരി 546 മരണം എന്ന ഞെട്ടിക്കുന്ന കണക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2023നെ അപേക്ഷിച്ച് മരണനിരക്കിൽ 0.79 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.
അപകടങ്ങളിൽ മുന്നിൽ ഇരുചക്ര വാഹനങ്ങള്‍
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. 84,599 പേരാണ് ഇരുചക്ര വാഹന അപകടങ്ങളിൽ മരിച്ചത്. കാറുകൾ (23,739), കാൽനടയാത്രക്കാർ (25,769) എന്നിവയാണ് തൊട്ടുപിന്നാലെ. റെയിൽവേ ക്രോസിംഗുകളിലെ മരണങ്ങളിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് കേരളം (14.1%).
ഇരുചക്ര വാഹന അപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലും (11,786), ഉത്തർപ്രദേശിലുമാണ് (8,575). എസ്‌യുവി, കാർ, ജീപ്പ് എന്നിവ മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടന്നത് ഉത്തർപ്രദേശിലാണ് (4,575).
അപകടങ്ങളുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ, അമിതവേഗതയാണ് ഏറ്റവും പ്രധാന വില്ലൻ. ആകെ റോഡപകട മരണങ്ങളുടെ 58 ശതമാനവും അമിതവേഗത മൂലമാണ് സംഭവിക്കുന്നത്. അപകടകരമായ ഡ്രൈവിംഗ് 26.3 ശതമാനം മരണങ്ങൾക്ക് കാരണമാകുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾ 2.9 ശതമാനം മരണത്തിനും മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നത് 1.9 ശതമാനത്തിനും മൃഗങ്ങൾ കുറുകെ ചാടുന്നത് 1.5ശതമാനത്തിനും 9.4 ശതമാനം മറ്റ് കാരണങ്ങള്‍ മൂലവും സംഭവിക്കുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2023-ൽ 4.91 ലക്ഷമായിരുന്ന വാഹനാപകടങ്ങളുടെ എണ്ണം 2024-ൽ 4.95 ലക്ഷമായി വർധിച്ചു.2024-ൽ മാത്രം 4.52 ലക്ഷം പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു. മരണസംഖ്യയിൽ ഉത്തർപ്രദേശ് (27,071), തമിഴ്നാട് (20,390), മഹാരാഷ്ട്ര (19,475) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. രാജ്യത്തെ ആകെ വാഹനാപകട മരണങ്ങളുടെ 33.6 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്.
എൻസിആർബി റിപ്പോർട്ട് പ്രകാരം ആകെ അപകടമരണങ്ങളിൽ 42.6 ശതമാനവും വാഹനാപകടങ്ങൾ മൂലമാണ്. പെട്ടെന്നുള്ള മരണങ്ങൾ (16.2%), മുങ്ങിമരണം (8.6%), വീഴ്ചകൾ (5.7%), വിഷബാധ (4.6%), വൈദ്യുതാഘാതം (3.4%) എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ (1.7%) ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം അപകടങ്ങളും മനുഷ്യർക്ക് മുൻകരുതലിലൂടെ തടയാവുന്നവയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ആഘാതം
റോഡപകടങ്ങൾ മനുഷ്യജീവൻ കവരുന്നത് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 3.14 ശതമാനത്തോളം സാമൂഹിക-സാമ്പത്തിക നഷ്ടം റോഡപകടങ്ങൾ മൂലം ഉണ്ടാകുന്നുണ്ട്. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയുള്ള സമയത്താണ് രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉത്സവ സീസണുകളായ ഒക്ടോബർ മാസത്തിലും അപകട നിരക്ക് ഉയർന്നു നിൽക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16
