Quantcast

ഇൻഡി​ഗോ ഒറ്റ ദിവസം റദ്ദാക്കിയത് 550 വിമാനങ്ങൾ; പ്രതിസന്ധി തുടരുന്നു; സർവീസുകൾ സാധാരണ നിലയിലാവാൻ വേണ്ടത് രണ്ട് മാസം

ക്യാബിൻ ക്രൂ പ്രശ്‌നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-12-05 03:43:24.0

Published:

5 Dec 2025 8:54 AM IST

550 IndiGo Flights Cancelled and Company Apologises in the issue
X

ന്യൂഡൽഹി: യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി ഇൻഡി​ഗോ. ഒറ്റ ദിവസം 550 വിമാനങ്ങളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. വ്യാഴാഴ്ചയാണ് ഇൻഡി​ഗോ ഇത്രയധികം വിമാനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കിയത്. കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ റദ്ദാക്കലായിരുന്നു ഇത്. ഇന്നും നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇതുമൂലം കൊച്ചി, ഹൈദരാബാദ് അടക്കമുള്ള വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

ഇതുമൂലം രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധി. തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ക്യാബിൻ ക്രൂ പ്രശ്‌നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കൂടി റദ്ദാക്കലുകൾ തുടരുമെന്ന് കമ്പനി അറിയിച്ചു. ഡൽഹിയിൽ മാത്രം 150 വിമാനങ്ങളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. മുംബൈയിൽ 118ഉം ബം​ഗളൂരുവിൽ 100ഉം ഹൈദരാബാദിൽ 75ഉം കൊൽക്കത്തയിൽ 35 വിമാനങ്ങളും റദ്ദാക്കി. ചെന്നൈയിൽ 26, ​ഗോവയിൽ 11 വിമാനങ്ങളും റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. മറ്റ് വിമാനത്താവളങ്ങളിലും സമാന പ്രശ്നം നേരിട്ടു.

പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, സമയനിഷ്ട ഒരു മുഖമുദ്രയായി അവകാശപ്പെടുന്ന കമ്പനിയാണ്. എന്നാൽ ചൊവ്വാഴ്ച 35 ശതമാനമായിരുന്നു സമയനിഷ്ടയെങ്കിൽ ബുധനാഴ്ച ഇത് 19.7 ശതമാനമായി ഇടിഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും കൃത്യനിഷ്ഠ തിരികെ കൊണ്ടുവരുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞിരുന്നു. വിമാന സർവീസുകൾ സാധാരണ നിലയിലാവാൻ രണ്ട് മാസമെടുക്കുമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. തടസങ്ങൾ ഒഴിവാക്കാൻ ഈ മാസം എട്ടു മുതൽ സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കുമെന്നും അടുത്ത വർഷം ഫെബ്രുവരി പത്തോടുകൂടി സർവീസ് സാധാരണ നിലയിൽ എത്തുമെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.

കോടതി നിർ​ദേശത്തെത്തുടർന്ന് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസങ്ങൾക്ക് കാരണമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. രണ്ടാം ഘട്ട എഫ്ഡിടിഎൽ മാനദണ്ഡങ്ങൾക്കാവശ്യമായ പൈലറ്റുമാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇൻഡിഗോ അവകാശപ്പെട്ടു.

അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ‌ ഇൻഡി​ഗോ ഖേദമറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്‌വർക്കിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ട് ബാധിച്ച എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായി ഇൻഡി​ഗോ പ്രസ്താവനയിൽ പറഞ്ഞു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നത് തുടരും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്‌സൈറ്റിൽ പുതിയ സ്റ്റാറ്റസ് പരിശോധിക്കണം. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അഗാധമായി ഖേദിക്കുന്നു- ക​മ്പനി കൂട്ടിച്ചേർത്തു.

TAGS :

Next Story