അലിഗഢ് സര്‍വകലാശാല അധ്യാപകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പ്രതികളെ അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ അധ്യാപകനെ കൊലപ്പെടുത്തിയതില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ഡാനിഷ് അലിക്ക് നേരെ അക്രമികള്‍ തുടര്‍ച്ചയായി വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞു. കേസില്‍ കൊലപാതകികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
എബികെ ഹൈസ്‌കൂള്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ റാവു ഡാനിഷ് അലിയെ ബുധനാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്യാമ്പസിലൂടെ നടക്കവേ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും വെടിവെയ്ക്കുകയുമായിരുന്നു.
ഉടന്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സര്‍വകലാശാലയുടെ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ഡാനിഷിന് നേരെ ആറോ ഏഴോ റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് അറിയിച്ചു. നാല് ബുള്ളറ്റുകള്‍ തലയിലും ഒരെണ്ണം കൈയ്യിലും തുളച്ചുകയറിയെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പ്രതികളെ അധികം വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

