Quantcast

ജഡ്ജി നിയമനങ്ങളില്‍ സവര്‍ണ മേധാവിത്തം, 75 ശതമാനവും ഉന്നത ജാതിക്കാര്‍; നിയമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ഇങ്ങനെ

രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021നും 2026 ജനുവരി 30നും ഇടയില്‍ 593 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 436ഉം സവര്‍ണ ജാതിയില്‍ പെട്ടവരാണ്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-07 09:26:20.0

Published:

7 Feb 2026 1:10 PM IST

75% of High Court Judges Appointed From 2021-26 Are Upper Castes
X

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021ന് ശേഷം നിയമിതരായ ജഡ്ജിമാരില്‍ നാലില്‍ മൂന്നും സവര്‍ണ വിഭാഗക്കാര്‍. കേന്ദ്ര നിയമമന്ത്രാലയം പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായി നല്‍കിയതാണ് ഈ വിവരം. ഡിഎംകെ എംപി പി. വില്‍സണ്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് മറുപടി നല്‍കിയത്.

രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021നും 2026 ജനുവരി 30നും ഇടയില്‍ 593 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 436ഉം സവര്‍ണ ജാതിയില്‍ പെട്ടവരാണ്. 73.5 ശതമാനം വരുമിത്. 157 പേര്‍ മാത്രമാണ് പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളത്.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് 26 പേര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് 14 പേര്‍, ഒബിസിയില്‍ നിന്ന് 80 പേര്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് 37 പേര്‍ എന്നിങ്ങനെയാണ് അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതി ജഡ്ജിമാരായത്. ആകെ നിയമിതരായവരില്‍ 96 പേരാണ് സ്ത്രീകള്‍.

ഉന്നത നീതിന്യായ സ്ഥാപനങ്ങളില്‍ ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക വൈവിധ്യവും പ്രതിനിധാനവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജഡ്ജിമാരുടെ വിഭാഗം തിരിച്ച കണക്കുകളും നല്‍കാനായിരുന്നു എംപി ചോദ്യത്തില്‍ ആവശ്യപ്പെട്ടത്. അതേസമയം, സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജി നിയമനത്തില്‍ സംവരണം ഭരണഘടന നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍, സാമൂഹിക വൈവിധ്യം വര്‍ധിപ്പിക്കുന്നതിന് എസ്.സി, എസ്ടി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങള്‍, സ്ത്രീകള്‍ എന്നിവരില്‍ നിന്നുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതികളോട് അഭ്യര്‍ഥിച്ചുവരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഹൈകോടതികളില്‍ 308 ജഡ്ജിമാരുടെ പദവി ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്രം അറിയിച്ചു. 1122 ജഡ്ജിമാര്‍ വേണ്ടിടത്ത് 814 പേരാണ് ഇപ്പോഴുള്ളത്. അലഹബാദ്, കല്‍ക്കത്ത, മദ്രാസ് ഹൈക്കോടതികളിലാണ് ജഡ്ജിമാരുടെ എണ്ണവും അനുവദിച്ച എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുള്ളത്.

TAGS :

Next Story