Quantcast

ആംബുലൻസിന് നൽകാൻ പണമില്ല; തളർന്നുപോയ ഭാര്യയുടെ ചികിത്സയ്ക്കായി 75കാരൻ റിക്ഷ ചവിട്ടിയത് 300 കിലോമീറ്റർ

സംബൽപൂരിൽ നിന്നും കട്ടക്കിലേക്കുള്ള 300 കിലോമീറ്റർ ദൂരം ഒമ്പത് ദിവസമെടുത്താണ് ദമ്പതികൾ പിന്നിട്ടത്

MediaOne Logo
ആംബുലൻസിന് നൽകാൻ പണമില്ല; തളർന്നുപോയ ഭാര്യയുടെ ചികിത്സയ്ക്കായി 75കാരൻ റിക്ഷ ചവിട്ടിയത് 300 കിലോമീറ്റർ
X

ഭുവനേശ്വർ: പക്ഷാഘാതം വന്ന് തളർന്നുപോയ ഭാര്യയ്ക്ക് ചികിത്സ ലഭ്യമാക്കാനായി 75 കാരൻ റിക്ഷ ചവിട്ടിയത് 300 കിലോമീറ്റർ ദൂരം. ഒഡീഷയിലാണ് സംഭവം. ബാബു ലോഹാർ എന്ന വയോധികനാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിന്റെ പേരിൽ ഭാര്യയെയും കൊണ്ട് 300 കിലോമീറ്റർ റിക്ഷ ചവിട്ടി ആശുപത്രിയിലെത്തിച്ചത്.

സംബൽപൂർ ജില്ലയിലെ മോദിപാഡ സ്വദേശിയായ ബാബു ലോഹാറിന്റെ ഭാര്യ ജ്യോതി ലോഹാർ (70) കഴിഞ്ഞ നവംബറിലാണ് പക്ഷാഘാതം വന്ന് തളർന്നത്. സംബൽപൂരിലെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതിയെ, വിദഗ്ധ ചികിത്സയ്ക്കായി കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ആംബുലൻസോ മറ്റ് വാഹനങ്ങളോ വാടകയ്‌ക്കെടുക്കാൻ സാമ്പത്തികമായി യാതൊരു നിവൃത്തിയുമില്ലാതിരുന്ന ഈ വയോധികൻ ഒടുവിൽ തന്റെ കൈവശമുള്ള റിക്ഷയിൽ തന്നെ ഭാര്യയെ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ റിക്ഷയിൽ മെത്ത വിരിച്ച് ഭാര്യയെ കിടത്തിയ ശേഷം, കടും തണുപ്പിനെ പോലും വകവെക്കാതെ ബാബു ലോഹാർ യാത്ര തുടങ്ങി. സംബൽപൂരിൽ നിന്നും കട്ടക്കിലേക്കുള്ള 300 കിലോമീറ്റർ ദൂരം ഒമ്പത് ദിവസമെടുത്താണ് അദ്ദേഹം പിന്നിട്ടത്. പകൽ യാത്ര ചെയ്യുകയും രാത്രിയിൽ റോഡരികിലെ കടകൾക്ക് മുന്നിൽ വിശ്രമിക്കുകയും ചെയ്താണ് ദമ്പതികൾ ആശുപത്രിയിൽ എത്തിയത്.

കട്ടക്കിലെ ചികിത്സയ്ക്ക് ശേഷം മടക്കയാത്രയിലും ദമ്പതികൾക്ക് ഇതേ റിക്ഷ തന്നെയായിരുന്നു ആശ്രയം. യാത്രയ്ക്കിടയിൽ ചൗദ്വാറിൽ വെച്ച് ഒരു വാഹനം തട്ടി റിക്ഷയ്ക്ക് അപകടം സംഭവിക്കുകയും ജ്യോതിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അവിടെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷമാണ് ദമ്പതികൾ യാത്ര തുടർന്നത്.

TAGS :

Next Story