Quantcast

നാല് ദിവസം, 55 അടി താഴ്‌ച; രക്ഷാപ്രവർത്തനം ഫലംകണ്ടില്ല, കുഴൽക്കിണറിൽ വീണ എട്ടുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു

ഫാമിൽ കളിക്കുന്നതിനിടെ 8 വയസുകാരൻ തൻമയ് സാഹു 55 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Dec 2022 4:59 AM GMT

നാല് ദിവസം, 55 അടി താഴ്‌ച; രക്ഷാപ്രവർത്തനം ഫലംകണ്ടില്ല, കുഴൽക്കിണറിൽ വീണ എട്ടുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു
X

ബേതുൽ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരൻ മരിച്ചു. ബേതുൽ ജില്ലയിലെ മാണ്ഡവി ഗ്രാമത്തിൽ ഡിസംബർ 6നായിരുന്നു സംഭവം. ഫാമിൽ കളിക്കുന്നതിനിടെ 8 വയസുകാരൻ തൻമയ് സാഹു 55 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണസേന, ഹോം ഗാർഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

നാല് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ തൻമയെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ബേതുൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയെ രക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് തൻമയുടെ കുടുംബം രംഗത്തെത്തി. ഒരു ഉന്നത നേതാവിന്റെ മകനായിരുന്നെങ്കിൽ രക്ഷിക്കാൻ ഇത്രയും സമയമെടുക്കുമായിരുന്നോ എന്നാണ് കുട്ടിയുടെ അമ്മയുടെ ചോദ്യം.

"12 വയസുള്ള മൂത്ത മകൾ അവൻ കുഴൽക്കിണറിൽ വീഴുന്നത് കണ്ടിരുന്നു. അവൾ ഉടൻ തന്നെ ഞങ്ങളെ വിവരമറിയിച്ചു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവന്റെ ശബ്‌ദം മാത്രമാണ് കേൾക്കാനായത്. അവന് ശ്വാസംമുട്ടുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് ആറ് മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരുപാട് സമയം കളഞ്ഞു. ഉദ്യോഗസ്ഥർ ഒന്നും പറഞ്ഞിരുന്നില്ല. അവനെയൊന്ന് കാണാൻ പോലും അനുവദിച്ചില്ല"; തൻമയുടെ അച്ഛൻ പറഞ്ഞു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് തൻമയ് സാഹു. ദിവസങ്ങളായി തൻമയുടെ ജീവനായി അധ്യാപകരും സുഹൃത്തുക്കളും പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇവയെല്ലാം വിഫലമാക്കിക്കൊണ്ടാണ് തൻമയ് യാത്രയായത്.

TAGS :

Next Story