Quantcast

കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം

MediaOne Logo
കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
X

കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യവൈദ്യശാല സ്ഥാപകൻ പി.വി രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടി (82)യെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തുണികൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജ റോക്കി (38)നെ സംഭവത്തിന് ശേഷം കാണാതായി. സുർജ അടക്കം നാലുപേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്‌ലെയിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഗോപാലൻകുട്ടി മരിച്ച ശേഷം കസ്തൂരിയും മകനും എവിപി ഡയറക്ടറുമായ ഡോ. രാംകുമാർകുട്ടിയുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ രാംകുമാർകുട്ടി വിദേശത്തായിരുന്നു. കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന മകൾ സുജാത രാവിലെ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി വീട് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.

കസ്തൂരിയുടെ കഴുത്തിലെ സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിൽനിന്ന് മറ്റെന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മകൻ തിരിച്ചെത്തിയ ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്ന് കാണാതായ സുർജ നാല് മാസം മുമ്പാണ് സ്വകാര്യ ഏജൻസി വഴി കസ്തൂരിയെ ശുശ്രൂഷിക്കാനായി ജോലിക്കെത്തിയത്. സുർജയുടെ മൊബൈൽ ഫോൺ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രാത്രി 12.20ന് മൂന്ന് യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങൾ വില്ലയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 12.56ന് സുർജയും ഇവരും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. കവർച്ചക്കിടെയാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

TAGS :

Next Story