ഡൽഹിയിൽ ക്ലാസ് മുറിയിൽ മൂന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും സ്കൂൾ അധികൃതരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

ഡൽഹി: ഡൽഹിയിൽ ഒൻപതുവയസുകാരി സ്കൂൾ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഈ ദാരുണസംഭവം.
മയൂർ വിഹാർ ഫേസ് 2 ലെ ലവ്‌ലി ഹെറിറ്റേജ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് മരിച്ചത്. ഗെയിംസ് പിരീഡ് കഴിഞ്ഞ് പെൺകുട്ടി ക്ലാസിലേക്ക് നടന്ന് നീങ്ങുന്നതും അരയിൽ രണ്ട് കൈകളും കുത്തി മുഖമടച്ച് വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് കണ്ട് മറ്റ് വിദ്യാര്‍ഥികൾ പരിഭ്രാന്തരായി എഴുന്നേൽക്കുന്നതും അധ്യാപിക കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കാണാം. കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്കൂൾ അധികൃതര്‍ നിർമൻ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും സ്കൂൾ അധികൃതരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്യ എന്നാൽ വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായും സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സ്കൂളിൽ കൃത്യസമയത്ത് പ്രഥമശുശ്രൂഷയും സിപിആറും നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു.
Adjust Story Font
16

