Quantcast

അമ്മയെ അടിച്ചയാളെ 10 വർഷത്തിന് ശേഷം അന്വേഷിച്ചു കണ്ടെത്തി, കൊലപ്പെടുത്തി മകന്റെ പ്രതികാരം

സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    22 July 2025 11:13 AM IST

A Murder To Avenge Mothers Insult After 10 Years
X

ലഖ്‌നൗ: അമ്മയെ അടിച്ച ആളെ 10 വർഷത്തിന് ശേഷം അന്വേഷിച്ചു കണ്ടെത്തി കൊലപ്പെടുത്തി മകന്റെ പ്രതികാരം. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് ബോളിവുഡ് സിനിമാ കഥയെ വെല്ലുന്ന സംഭവം. സോനു കശ്യപ് എന്ന യുവാവാണ് അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത മനോജിനെ കൊലപ്പെടുത്തിയത്. വ്യക്തമായി ആസുത്രണം ചെയ്ത കൊലപാതകത്തിൽ സുഹൃത്തുക്കളുടെ സഹായവും കശ്യപിന് ലഭിച്ചിരുന്നു. പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ സുഹൃത്തുക്കളെ കൂടെ കൂട്ടിയത്.

ഒരു തർക്കത്തെ തുടർന്ന് 10 വർഷം മുമ്പ് സോനു കശ്യപിന്റെ അമ്മയെ അടിച്ച മനോജ് പിന്നീട് പ്രദേശം വിട്ടുപോവുകയായിരുന്നു. എന്നാൽ തന്റെ അമ്മ നേരിട്ട അപമാനം സോനുവിന്റെ മനസ്സിൽ കെടാതെ കിടന്നു. അയാൾ മനോജിനെ കണ്ടെത്താനായി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ മൂന്ന് മാസം മുമ്പ് മുൻഷി പുലിയ ഏരിയയിൽ സോനു മനോജിനെ കണ്ടെത്തി.

ഇളനീർ വിൽപ്പനക്കാരനായിരുന്നു മനോജ്. അയാളുടെ ദിനചര്യ വിശദമായി പഠിച്ച സോനു കശ്യപ് കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കി. സഹായത്തിനായി സുഹൃത്തുക്കളെയും ചട്ടം കെട്ടി. മേയ് 22ന് മനോജ് കടയടച്ച് പോകുമ്പോൾ കശ്യപും സുഹൃത്തുക്കളും ഇരുമ്പ് വടികൊണ്ട് മനോജിനെ അടിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ആദ്യം തുമ്പൊന്നും ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. കൊലപാതകത്തിന് പിന്നാലെ സുഹൃത്തുക്കൾക്ക് മദ്യപാർട്ടി നടത്തിയ സോനു കശ്യപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് കേസിൽ വഴിത്തിരിവായത്.

നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഒരാളെ പൊലീസ് പാർട്ടിക്കിടെയുള്ള ഫോട്ടോയിൽ നിന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ച പൊലീസിന് കൊലപാതക സമയത്ത് ധരിച്ച ടീ ഷർട്ടിലുള്ള മറ്റു ഫോട്ടോകളും ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പ്രതികളും പിടിയിലായത്.

TAGS :

Next Story