Quantcast

റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിലെ കോരാപുത് ജില്ലയിൽ മാംസാഹാര നിരോധനം; വിവാദമായതോടെ പിൻവലിച്ചു

ബീഫ്, ചിക്കൻ, മത്സ്യം, കോഴിമുട്ട തുടങ്ങി ഒന്നും വിൽക്കാൻ പാടില്ലെന്നായിരുന്നു കലക്ടറുടെ ഉത്തരവ്

MediaOne Logo
റിപ്പബ്ലിക് ദിനത്തിൽ ഒഡീഷയിലെ കോരാപുത് ജില്ലയിൽ മാംസാഹാര നിരോധനം; വിവാദമായതോടെ പിൻവലിച്ചു
X

ഭുവനേശ്വർ: റിപ്പബ്ലിക് ദിനത്തിൽ മാംസാഹാരം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം. വിവാദമായതോടെ പിൻവലിച്ചു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ കമ്മറ്റിയുടെ നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. റിപ്പബ്ലിക് ദിനത്തോടുള്ള ആദരസൂചകമായി സസ്യാഹാരം കഴിക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്.

ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും ജില്ലാ കലക്ടർ സത്യവാൻ മഹാജൻ ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. നിരോധനം കർശനമായി നടപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ജില്ലാ കലക്ടർക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ലെന്നും ദേശീയ ആഘോഷമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി. വിമർശനം കടുത്തതോടെയാണ് നിരോധനത്തിൽ നിന്ന് സർക്കാർ പിൻമാറിയത്.

ബീഫ്, ചിക്കൻ, മത്സ്യം, കോഴിമുട്ട തുടങ്ങി ഒന്നും വിൽക്കാൻ പാടില്ലെന്നാണ് കലക്ട്‌റുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഗോത്രവർഗക്കാർ ഭൂരിപക്ഷമായ ജില്ലയാണ് കോരാപത്. ഇവിടെ വെജിറ്റേറിയനായ ആളുകൾ മൂന്ന് ശതമാനത്തിൽ താഴെയാണ്. നിരോധനത്തിന് സമയപരിധി പറയാത്തതും ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ജനങ്ങൾ എന്ത് കഴിക്കണം, കഴിക്കരുത് എന്ന് പറയാൻ സർക്കരിന് അധികാരമില്ലെന്ന് ആളുകൾ പറഞ്ഞു. ഗോത്ര തലവൻമാരും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും എതിർപ്പ് ഉയർത്തിയതോടെയാണ് നിരോധനം പിൻവലിച്ചത്.

TAGS :

Next Story