കടുത്ത വയറുവേദനയും, ചർദിയും; ഏഴുവയസുകാരന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് ഷൂ ലേസും, മുടിയുമടക്കമുള്ള മുഴ
കഴിഞ്ഞ രണ്ട് മാസമായി ശരീരഭാരം കുറയുന്നതടക്കമുള്ള പ്രശ്‌നങ്ങൾ കാരണം കുട്ടി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു

അഹമ്മദാബാദ്: കടുത്ത വയറുവേദനയുമായെത്തിയ ഏഴുവയസുകാരന്റെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മുടിയും പുല്ലം ഷൂലേസുമടങ്ങിയ രോമപിണ്ഡം (ട്രൈക്കോബെസോർ). മധ്യപ്രദേശിലെ രത്ലം സ്വദേശിയായ ശുഭം നിമാന കഴിഞ്ഞ രണ്ട് മാസമായി കടുത്ത വയറുവേദന, ഛർദി തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നു. കൂടാതെ, ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും കുട്ടിയുടെ നില മെച്ചപ്പെട്ടില്ല. തുടർന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് നടത്തിയ സിടി സ്‌കാനിലും എൻഡോസ്‌കോപ്പിയിലുമാണ് ദഹനനാളത്തിൽ അസാധാരണമായ മുഴ കണ്ടെത്തിയത്.
വൈദ്യശാസ്ത്രപരമായി ട്രൈക്കോബെസോർ എന്ന് വിളിക്കപ്പെടുന്ന ഇതിൽ മുടി, പുല്ല്, ഷൂലേസ് എന്നിവ അടിഞ്ഞുകൂടിയിരുന്നു. പ്രൊഫസർ ഡോ. ജയശ്രീ റാംജിയുടെ നേതൃത്വത്തിലാണ്, ട്രൈക്കോബെസോർ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. കുട്ടി ഇത്തരം ശീലങ്ങൾ തുടരാതിരിക്കാൻ കുട്ടിക്ക് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകി.
വയറ്റിലോ ചെറുകുടലിലോ മുടികൾ അടിഞ്ഞുക്കൂടി രൂപാന്തരം പ്രാപിക്കുന്ന രോമപിണ്ഡമാണ് ട്രൈക്കോബിസോർ. ഇത് ദഹനവ്യവസ്ഥയെ സാരമായി തന്നെ ബാധിക്കുന്നു. വയറുവീർക്കൽ, വയറുവേദന, ചർദി, വിശപ്പില്ലായ്മ, ശരീരം ഭാരം കുറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
Adjust Story Font
16

