Quantcast

ഡൽഹിയിൽ വീണ്ടും ആം ആദ്​മി പാർട്ടിക്ക്​ തിരിച്ചടി; മൂന്ന്​ കൗൺസിലർമാർ ബിജെപിയിൽ

മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയസാധ്യത വർധിച്ചു

MediaOne Logo

Web Desk

  • Published:

    15 Feb 2025 5:55 PM IST

ഡൽഹിയിൽ വീണ്ടും ആം ആദ്​മി പാർട്ടിക്ക്​ തിരിച്ചടി; മൂന്ന്​ കൗൺസിലർമാർ ബിജെപിയിൽ
X

ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് ആം ആദ്മി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. അനിതാ ബസോയ (ആൻഡ്രൂസ് ഗഞ്ച്), നിഖിൽ ചപ്രാന (ഹരി നഗർ), ധരംവീർ (ആർകെ പുരം) എന്നിവരാണ് ബിജെപിയിൽ ചേർന്നത്​. ഇതോടെ വരാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയസാധ്യത വർധിച്ചു.

ഡൽഹിയിൽ കേന്ദ്രത്തിലും നിയമസഭയിലും മുനിസിപ്പൽ തലത്തിലും ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാർ ഉണ്ടാകുമെന്ന് കൗൺസിലർമാരെ സ്വാഗതം ചെയ്തുകൊണ്ട് സിറ്റി ബിജെപി പ്രസിഡന്‍റ്​ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത്​ ഭാരത’ത്തിന് കീഴിൽ തലസ്ഥാനമായി ഇതിനെ വികസിപ്പിക്കാനുള്ള ശരിയായ സമയമാണിത്​. ഡൽഹിയെ വൃത്തിയുള്ളതും മനോഹരവുമായ നഗരമാക്കാനാണ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നതെന്നും സച്ച്ദേവ പറഞ്ഞു.

മേയർ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്നാണ് സൂചന. 2024 നവംബറിൽ നടന്ന അവസാന മേയർ തെരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾക്കാണ്​ ആം ആദ്​മി പാർട്ടി വിജയിച്ചത്​.

കൗൺസിലർമാരെ കൂടാതെ ഏഴ് ലോക്‌സഭാ എംപിമാർ (എല്ലാവരും ബിജെപിക്കാർ), മൂന്ന് രാജ്യസഭാ എംപിമാർ (എല്ലാവരും എഎപിക്കാർ), ഡൽഹിയിലെ 14 നോമിനേറ്റഡ് എംഎൽഎമാർ എന്നിവർ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരാണ്. മൂന്ന് കൗൺസിലർമാർ കൂടി ചേർന്നതോടെ ബിജെപിയുടെ അംഗബലം ആം ആദ്​മി പാർട്ടിയേക്കാൾ മുകളിലാണ്​.

ഫെബ്രുവരി അഞ്ചിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് ബിജെപി കൗൺസിലർമാരും മൂന്ന് ആം ആദ്മി കൗൺസിലർമാരും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ലെ എംസിഡി തെരഞ്ഞെടുപ്പിൽ എഎപി 134 വാർഡുകളും ബിജെപി 104 വാർഡുകളും കോൺഗ്രസ് ഒമ്പതും സ്വതന്ത്രർ മൂന്ന് വാർഡുകളും നേടിയിരുന്നു.

TAGS :

Next Story