Quantcast

എ.എ.പിക്ക് ദേശീയ പാർട്ടി പദവി; സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂലിനും ദേശീയ പാർട്ടി പദവി നഷ്ടമായി

സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല

MediaOne Logo

Web Desk

  • Updated:

    2023-04-10 15:57:30.0

Published:

10 April 2023 3:06 PM GMT

AAP gets National party status NCP, Trinamool Congress and CPI lose national party status
X

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല.

രണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾക്കും 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ശേഷമാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാഗാലാൻഡിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിൽ എ.ഐ.ടി.സി, വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത എന്നിവയ്ക്ക് സംസ്ഥാന രാഷ്ട്രീയ പാർട്ടി പദവി ലഭിച്ചു.

ഡൽഹി, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ എ.എ.പി നിലവിൽ അധികാരത്തിലുണ്ട്. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി പദവി ലഭിച്ചതോടെയാണ് എ.എ.പിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്.

"ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ദേശീയ പാർട്ടി? ഇത് അത്ഭുതമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഞങ്ങളെ ഇവിടെ എത്തിച്ചു. ജനങ്ങള്‍ ഞങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. ഇന്ന് ജനങ്ങള്‍ ഈ വലിയ ഉത്തരവാദിത്തം ഞങ്ങളെ ഏല്‍പ്പിച്ചു. ഈശ്വരാ, ഈ ഉത്തരവാദിത്തം നന്നായി നിറവേറ്റാൻ ഞങ്ങളെ അനുഗ്രഹിക്കണേ"- അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ദേശീയ പാര്‍ട്ടി പദവി കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചോദനമാകുമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ, നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാര്‍ട്ടി പദവിയുണ്ടാകണം. അല്ലെങ്കില്‍ ലോക്‌സഭയിൽ 2 ശതമാനം സീറ്റുകളിൽ വിജയിക്കണം. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ, സംസ്ഥാന പദവിയില്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ചിഹ്നം ലഭിക്കില്ല. ഉദാഹരണത്തിന് തൃണമൂൽ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ മത്സരിക്കാന്‍ പാര്‍ട്ടി ചിഹ്നം ലഭിക്കില്ല.

Summary- The Election Commission of India withdrew the national party status of Trinamool Congress, Nationalist Congress Party and the Communist Party of India (CPI). AAP gets national party status.

TAGS :

Next Story