Quantcast

'കോണ്‍ഗ്രസ് ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത്': തെരഞ്ഞെടുപ്പിലെ സഹകരണത്തിന് ഉപാധിയുമായി എ.എ.പി

കോൺഗ്രസ് സഹകരിച്ചാൽ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ലെന്ന് എ.എ.പി

MediaOne Logo

Web Desk

  • Updated:

    2023-06-16 02:37:15.0

Published:

16 Jun 2023 2:05 AM GMT

aap puts condition congress for cooperation in election
X

ഡല്‍ഹി: തെരഞ്ഞെടുപ്പിലെ സഹകരണത്തിന് കോൺഗ്രസിന് മുന്നിൽ ഉപാധി വെച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് മത്സരിക്കരുത്. കോൺഗ്രസ് സഹകരിച്ചാൽ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ലെന്നും ഡൽഹി ആരോഗ്യമന്ത്രിയും എ.എ.പി വക്താവുമായ സൗരവ് ഭരദ്വാജ് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പോരാടിയില്ലെങ്കിൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

"സി.ബി.ഐ - ഇ.ഡി റെയ്ഡുകളിലൂടെ പ്രതിപക്ഷ പാർട്ടികളെ ബി.ജെ.പി ചവിട്ടിത്താഴ്ത്തുകയാണ്. പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. 2024ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഭരണഘടന തിരുത്തി മോദിജിയെ ഈ രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അസംഖ്യം ആളുകൾ ജീവൻ നൽകി നേടിയെടുത്ത ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും"- സൗരവ് ഭരദ്വാജ് പറഞ്ഞു.

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോൺഗ്രസിന്റെ വോട്ടുകൾ എ.എ.പി ഭിന്നിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സൗരവ് ഭരദ്വാജിന്‍റെ മറുപടിയിങ്ങനെ- "2015ൽ കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റും ലഭിച്ചില്ല. ഇപ്പോഴും ഡൽഹിയിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. ഡൽഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ പറയട്ടെ. എങ്കില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും മത്സരിക്കില്ലെന്ന് ഞങ്ങൾ പറയും".

ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക കോണ്‍ഗ്രസ് കോപ്പിയടിച്ചെന്നും സൗരവ് ഭരദ്വാജ് ആരോപിച്ചു- "രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് നേതാക്കളുടെ മാത്രമല്ല, ആശയങ്ങളുടെയും കുറവുണ്ട്. അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും വെള്ളം, വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ ക്ഷേമ പദ്ധതികളുടെ പേരുപറഞ്ഞ് പരിഹസിച്ച ശേഷം കോണ്‍ഗ്രസ് അതേ ആശയങ്ങൾ പകർത്തുകയാണ്".

Summary- "Let congress say that they won’t fight election in Delhi and Punjab, we will say that we won’t fight in Madhya Pradesh and Rajasthan"- AAP national spokesperson Saurabh Bharadwaj

TAGS :

Next Story