രാഘവ് ചദ്ദക്കെതിരെ നടപടിയുമായി എഎപി; രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കി
കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിക്കുള്ളിൽ ചദ്ദ ഒറ്റപ്പെടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് എഎപിയുടെ തീരുമാനം വരുന്നത്

- Updated:
2026-04-02 09:32:32.0

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകി മുതിർന്ന നേതാവ് രാഘവ് ചദ്ദയെ രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി.
പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് എഎപി കത്ത് നൽകി.
സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമെ, സഭയിൽ പാർട്ടിക്കുള്ള സമയപരിധിയിൽ രാഘവ് ചദ്ദയെ സംസാരിക്കാൻ അനുവദിക്കരുതെന്നും പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിക്കുള്ളിൽ ചദ്ദ ഒറ്റപ്പെടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നിർണായക നീക്കം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും കഴിഞ്ഞ ആഴ്ച രാഘവ് ചദ്ദയെ ഒഴിവാക്കിയിരുന്നു. അതേസമയം പാർട്ടിയുടെ ഈ നീക്കം ചദ്ദയ്ക്കെതിരെയുള്ള അച്ചടക്ക നടപടിയാണോ അതോ നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമാണോ എന്ന കാര്യത്തിൽ എഎപി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ചദ്ദയെ പെട്ടെന്ന് പ്രധാന ചുമതലകളിൽ നിന്ന് മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ആം ആദ്മി പാർട്ടിയെയും അതിന്റെ മുതിർന്ന നേതൃത്വത്തെയും ബന്ധപ്പെടുത്തിയുള്ള കേസുകളില്‍ ഛദ്ദ മൗനം പാലിക്കുന്നത് ചര്‍ച്ചയായിരുന്നു. ഫെബ്രുവരിയിൽ ഡൽഹി മദ്യനയ കേസിൽ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷം രാഘവ് ചദ്ദ പരസ്യമായി പ്രതികരിച്ചില്ല. പാര്‍ട്ടിക്ക് അനുകൂലമായി വന്നൊരു കോടതി വിധിയെക്കുറിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരുന്നത് പലതരത്തിലുള്ള ചർച്ചകൾക്കും വഴിതുറന്നിരുന്നു.
പാർട്ടി ഓഫീസിൽ കെജ്‌രിവാൾ നടത്തിയ വാർത്താ സമ്മേളനം, ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ജന്തർ മന്ദിറിൽ അടുത്തിടെ നടത്തിയ 'ജൻ സഭ' എന്നിവയുൾപ്പെടെയുള്ള പാർട്ടിയുടെ പ്രധാന പരിപാടികളിലും 37-കാരനായ എംപിയുടെ അസാന്നിധ്യം വാര്‍ത്തയായിരുന്നു.
Adjust Story Font
16
