Quantcast

"ജയിലിൽ പോകേണ്ടി വന്നാലും ഗുജറാത്തിൽ സ്‌കൂളുകൾ പണിയുന്നത് നിർത്തില്ല"; സിസോദിയയുടെ വാഗ്‌ദാനം

"27 വർഷത്തെ ബിജെപി ഭരണത്തിൽ യാതൊരു പ്രയോജനവും ഗുജറാത്തിലെ സ്‌കൂളുകൾക്ക് ലഭിച്ചിട്ടില്ല"

MediaOne Logo

Web Desk

  • Published:

    18 Oct 2022 10:30 AM GMT

ജയിലിൽ പോകേണ്ടി വന്നാലും ഗുജറാത്തിൽ സ്‌കൂളുകൾ പണിയുന്നത് നിർത്തില്ല; സിസോദിയയുടെ വാഗ്‌ദാനം
X

അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്‌മി പാർട്ടി അധികാരത്തിൽ എത്തിയാൽ എട്ട് നഗരങ്ങളിൽ സ്‌കൂളുകൾ നിർമിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്‌കൂളുകൾ നിർമിക്കുമെന്നാണ് സിസോദിയയുടെ വാഗ്‌ദാനം.

ഡൽഹി എക്‌സൈസ് നയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബിഐ ഒൻപത് മണിക്കൂർ സിസോദിയയെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വൻ വാഗ്‌ദാനവുമായി അദ്ദേഹം രംഗത്തെത്തിയത്. താൻ എന്തിനും തയ്യാറാണ്, ജയിലിൽ പോകേണ്ടി വന്നാലും ഗുജറാത്തിൽ സ്‌കൂളുകൾ നിർമിക്കുന്നത് നിർത്തില്ലെന്ന് സിസോദിയ പറഞ്ഞു.

ഗുജറാത്തിലെ 48,000 സർക്കാർ സ്‌കൂളുകളിൽ 32,000 സ്‌കൂളുകളുടെയും അവസ്ഥ ദാരുണമാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. ആം ആദ്‌മി പ്രവർത്തകർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും സിസോദിയ പറയുന്നു.

"27 വർഷത്തെ ബിജെപി ഭരണത്തിൽ യാതൊരു പ്രയോജനവും ഗുജറാത്തിലെ സ്‌കൂളുകൾക്ക് ലഭിച്ചിട്ടില്ല. 53 ലക്ഷം വിദ്യാർത്ഥികളാണ് സർക്കാർ സ്‌കൂളുകളിലുള്ളത്. ഇവർക്ക് മെച്ചപ്പെട്ട ക്ലാസ്മുറികൾ പോലുമില്ല. 18000 സർക്കാർ സ്‌കൂളുകളുടെ അവസ്ഥ ദാരുണമാണ്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്തെ 44 ലക്ഷം വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് സ്വകാര്യ സ്‌കൂളുകളെയാണ്. എന്നാൽ, ഉയർന്ന ഫീസ് രക്ഷിതാക്കൾക്ക് വെല്ലുവിളിയാകുന്നുണ്ട്"; സിസോദിയ പറയുന്നു.

കേന്ദ്രസർക്കാർ ബജറ്റിൽ വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്നും സിസോദിയ ആരോപിച്ചു. ഭൂരിഭാഗം സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകരോ അധ്യാപക സഹായികളോ ഇല്ല. അധ്യാപക യോഗ്യതാ പരീക്ഷ പോലും നടത്താതെയാണ് സ്‌കൂളുകളിൽ ടീച്ചർമാരെ നിയമിക്കുന്നതെന്നും സിസോദിയ ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ഒരു കോടി വിദ്യാർത്ഥികളുടെ ഭാവി നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയ സിസോദിയ ആം ആദ്‌മി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനകം എട്ട് നഗരങ്ങളിൽ സ്‌കൂളുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജാംനഗർ, രാജ്‌കോട്ട്, ഭാവ്‌നഗർ, ഗാന്ധിനഗർ, ജുനഗഡ് എന്നീ നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും ഒരു സർക്കാർ സ്‌കൂൾ നിർമിക്കുമെന്നാണ് വാഗ്ദാനം. ഈ സ്‌കൂളുകൾ പ്രൈവറ്റ് സ്‌കൂളുകളേക്കാൾ മികച്ച സൗകര്യങ്ങളുള്ളതാകുമെന്നും സിസോദിയ പറഞ്ഞു. ഇതിനായുള്ള വ്യക്തമായ പദ്ധതികൾ എഎപി തയ്യാറാക്കി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ എഎപി സർക്കാർ രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധ്യാപക ഒഴിവുകളെല്ലാം നികത്തുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സിസോദിയ പറഞ്ഞു.

TAGS :

Next Story