Quantcast

വിദ്യാർഥിനികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ

കോളജിലെ യൂത്ത് ഫെസ്റ്റിവലിനിടെ പെൺകുട്ടികൾ വസ്ത്രം മാറുമ്പോഴായിരുന്നു പ്രതികൾ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തിയത്.

MediaOne Logo

Web Desk

  • Updated:

    2025-10-16 13:10:49.0

Published:

16 Oct 2025 6:39 PM IST

ABVP leaders arrested for secretly filming girls changing costumes in Madhyapradesh
X

Photo| Special Arrangement

ഭോപ്പാൽ: കോളജ് വിദ്യാർഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞിരുന്ന് ക്യാമറയിൽ പകർത്തിയ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ മന്ദ്സൗറിലെ മഹാരാജാ യശ്വന്ത് റാവു ഹോൽകർ ​ഗവ. കോളജിൽ ചൊവ്വാഴ്ചയാണ് സംഭവം. എബിവിപി ലോക്കൽ സെക്രട്ടറി ഉമേഷ് ജോഷി, കോളജ് ഭാരവാഹികളായ അജയ് ​ഗൗർ, ഹിമാൻഷു ബൈരം​ഗി എന്നിവരാണ് പിടിയിലായത്.

കോളജിലെ യൂത്ത് ഫെസ്റ്റിവലിനിടെ പെൺകുട്ടികൾ വസ്ത്രം മാറുമ്പോഴായിരുന്നു പ്രതികൾ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തിയത്. നാല് പേരാണ് പ്രതികൾ. ഇവരിൽ മൂന്ന് പേരാണ് പിടിയിലായത്.

ബുധനാഴ്ചയാണ് പ്രിൻസിപ്പൽ ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചൊവ്വാഴ്ച നടന്ന യൂത്ത് ഫെസ്റ്റിവലിൽ കലാപരിപാടിക്കായി വിദ്യാർഥിനികൾ വസ്ത്രം മാറുമ്പോൾ പ്രതികൾ ഈ ദൃശ്യങ്ങൾ പകർത്തുന്ന സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പ്രിൻസിപ്പൽ പരാതി നൽകിയത്.

'തങ്ങൾ വസ്ത്രം മാറുന്നത് ചിലർ പകർത്തിയെന്ന് വിദ്യാർഥിനികൾ ഞങ്ങളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബിഎ മൂന്നാം വർഷ വിദ്യാർഥികളായ നാല് പേർ പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറിയിലെ വെന്റിലേറ്ററിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് അതിലുണ്ടായിരുന്നു. തുടർന്ന് പ്രതികളായ വിദ്യാർഥികളെ തിരിച്ചറിയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു'- കോളജ് പ്രിൻസിപ്പൽ ഡോ. പ്രീതി ശർമ പറഞ്ഞു.

തുടർന്ന് പ്രിൻസിപ്പലിന്റെ പരാതിയിൽ പൊലീസ് ഭാരതീയ ന്യായ് സംഹിതയിലെ 77, 3 (5) എന്നീ വകുപ്പുകൾ ചുമത്തി നാല് വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളുടെ കൈയിൽ നിന്നും ഫോൺ പിടിച്ചെടുത്തതായും ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

TAGS :

Next Story