'ജനവിധി അംഗീകരിക്കുന്നു, ഡല്‍ഹിക്കാരുടെ അവകാശങ്ങള്‍ക്കും പുരോഗതിക്കുമായുള്ള പോരാട്ടം തുടരും': രാഹുല്‍ ഗാന്ധി
തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല

ന്യൂഡൽഹി: ഡല്‍ഹിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിക്കാരുടെ അവകാശങ്ങൾക്കും ഡൽഹിയുടെ പുരോഗതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കാൽ നൂറ്റാണ്ടിന് ശേഷമാണ് ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകള്‍ നേടിയാണ് ബിജെപി ജയം ഉറപ്പിച്ചത്. 22 സീറ്റുകളിലാണ് ആംആദ്മി പാർട്ടി വിജയിച്ചത്. എന്നാല്‍ തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല. ഒരേയൊരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും കോൺഗ്രസിന് എത്താന്‍ കഴിഞ്ഞത്. സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാനുള്ളത് വോട്ട് വിഹിതത്തിലെ നേരിയ വര്‍ധന മാത്രമാണ്.
സ്തൂര്‍ബാ നഗറിലാണ് ബിജെപിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അഭിഷേക് ദത്തായിരുന്നു ഇവിടെ മത്സരിച്ചത്. കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചുവെന്നാണ് ഏക ആശ്വാസം.
ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക്ക ലാംബയാണ് മത്സരിച്ചത്. ആം ആദ്മിയുടെ ശക്തികേന്ദ്രമായ കല്‍ക്കാജിയിൽ അൽക്കയ്ക്ക് നിലംതൊടാനായില്ല. 4392 വോട്ടുകൾ മാത്രമാണ് അൽക്കയ്ക്ക് നേടാനായത്. അരവിന്ദ് കെജ്‌രിവാൾ തോറ്റ ന്യൂഡൽഹി മണ്ഡലത്തിൽ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്തായി . 4568 വോട്ടാണ് നേടാനായത്. ബാദ്‌ലിയിൽ മത്സരിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര യാഥവും മൂന്നാം സ്ഥാനത്തേക്ക് പോയി.
Adjust Story Font
16