ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാൻ മടിയാണോ?; രാജ്യത്ത് റോഡപകടങ്ങളിൽ മരണപ്പെടുന്നവരില്‍ 40% പേരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
2023-ൽ ഹെൽമെറ്റ് ധരിക്കാത്ത 54,568 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 16,025 യാത്രികരും മരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ആക്സിഡന്റ് റിപ്പോർട്ടിൽ പറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിൽ റോഡപകടങ്ങളിൽ മരണപ്പെടുന്നവരിൽ 40 ശതമാനത്തിലധികം പേർ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ലെന്ന് സർക്കാർ കണക്കുകൾ. 2023-ൽ ഹെൽമെറ്റ് ധരിക്കാത്ത 54,568 പേരും സീറ്റ് ബെൽറ്റ് ധരിക്കാത്ത 16,025 യാത്രികരും മരിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ആക്സിഡന്റ് റിപ്പോർട്ടിൽ പറയുന്നു. 35,000-ത്തിലധികം കാൽനടയാത്രക്കാർക്കും ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
റോഡിന്റെ ഗുണമേന്മ വർധിക്കുന്നതിനോടൊപ്പം അപകട മരണങ്ങളുടെ കണക്കും ക്രമാനുഗതമായി ഉയരുകയാണ്. 2023ലെ ദേശീയപാത അതോറിറ്റിയുടെ അപകട റിപ്പോർട്ട് പ്രകാരം1,72,890 അപകട മരണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്. ഇതിൽ 40 ശതമാനത്തിലധികവും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതിനാലും, മദ്യപിച്ച് വാഹനമോടിച്ചതിനാലുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഹെൽമെറ്റ് ധരിക്കാത്ത 54,568 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 39,160 വാഹനം ഓടിച്ചവരും 15,408 പിൻ സീറ്റ് യാത്രക്കാരുമാണ്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ 16,025 പേർ മരിച്ചിട്ടുണ്ട്. , ഇതിൽ 8,441 ഡ്രൈവർമാരും 7,584 യാത്രക്കാരും ഉൾപ്പെടുന്നു, മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിച്ചവരിൽ കൊല്ലപ്പെട്ടത് 3,674 പേരാണ്. അമിത വേഗതയാണ് അപകടങ്ങളുടെ മൂല കാരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2023-ൽ 35,000-ത്തിലധികം കാൽനടയാത്രക്കാർ കൊല്ലപ്പെട്ടു, 2022-നെ അപേക്ഷിച്ച് കുത്തനെയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. 2030ടെ റോഡ് അപകടങ്ങളുടെ തോത് കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ദേശീയപാത അതോറിറ്റി.
Adjust Story Font
16

