സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പീഡിപ്പിക്കുന്നതായി പരാതി; യുപിയിൽ മാധ്യമപ്രവർത്തകനും ഭാര്യയും ജീവനൊടുക്കാൻ ശ്രമിച്ചു
ബൈസാൽപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബാർഖേദ നഗർ പഞ്ചായത്ത് ചെയർമാൻ ശ്യാം ബിഹാരി ഭോജ്വാൾ, കോൺട്രാക്ടർ മോയിൻ ഹുസൈൻ എന്നിവർക്കെതിരെയാണ് ആരോപണമുള്ളത്

പിലിഭിത്ത്: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, നാഗർ പഞ്ചായത്ത് ചെയർമാൻ, കോൺട്രാക്ടർ എന്നിവർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പ്രാദേശിക പത്രപ്രവർത്തകനും ഭാര്യയും ജീവനൊടുക്കാൻ ശ്രമിച്ചു. പത്രപ്രവർത്തകനായ ഇസ്‌റാറും ഭാര്യയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിന്റെ വീഡിയോയും പകർത്തിയിട്ടുണ്ട്.
ബൈസാൽപൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബാർഖേദ നഗർ പഞ്ചായത്ത് ചെയർമാൻ ശ്യാം ബിഹാരി ഭോജ്വാൾ, കോൺട്രാക്ടർ മോയിൻ ഹുസൈൻ എന്നിവർക്കെതിരെയാണ് വീഡിയോയിൽ ആരോപണമുള്ളത്. ഇവരുടെ നിരന്തരമായുള്ള പീഡനം കാരണമാണ് ജീവനെടുക്കുന്നത്ര കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് ഇസ്‌റാർ വീഡിയോയിൽ ആരോപിച്ചതായി ബാർഖേദ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദമ്പതികളെ ഉടനടി ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇസ്‌റാർ അപകടനില തരണം ചെയ്‌തെങ്കിലും ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബാർഖേദ നഗർ പഞ്ചായത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വാർത്ത നൽകിയിരുന്നുവെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇസ്‌റാർ വീഡിയോയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഉപദ്രവം തുടങ്ങിയതെന്നും ഇസ്‌റാർ വ്യക്തമാക്കുന്നു.
ആരോപണ വിധേയരായവർ ഇസ്‌റാറിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയതായും വ്യാജ കേസിൽ കുടുക്കിയതായും വീഡിയോയിലുണ്ട്. 'യോഗി ജി, ഞങ്ങൾക്ക് നീതി വേണം. ഞങ്ങൾ ജീവനൊടുക്കുകയാണ്' എന്നാണ് വീഡിയോയിൽ ഇസ്‌റാർ പറയുന്നത്.
അതേസമയം, അടിസ്ഥാനരഹിതമാണ് ആരോപണങ്ങളെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.വിഷയത്തിൽ സമഗ്രമായ ന്വേഷണം നടന്നു വരികയാണെന്ന് ബൈസാൽപൂർ സർക്കിൾ ഓഫീസർ പ്രതീക് ദഹിയ വ്യക്തമാക്കി. ഭോജ്വാളും ആരോപണങ്ങളെ നിഷേധിച്ചു.
കോൺട്രാക്ടർ മോയിൻ ഹുസൈൻ ആരോപണങ്ങളെ തള്ളിക്കളയുന്നതിനോടൊപ്പം ഇസ്‌റാർ മേയ് 18ന് 15,000 രൂപ ആവശ്യപ്പെട്ടതായും നൽകിയില്ലെങ്കിൽ തെറ്റായ വാർത്തകൾ നൽകുമെന്ന് ഭീഷണപ്പെടുത്തിയതായും പറഞ്ഞു.
ദമ്പതികളെ നിരന്തരമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി ആരോപിച്ച് കുടുംബവും രംഗത്തു വന്നു. വീഡിയോയിൽ പരാമർശിച്ച മൂന്നു പേർക്കെതിരേയും കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Adjust Story Font
16

