'അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു'; കുറ്റസമ്മതവുമായി പ്രതിയുടെ ഇൻസ്റ്റഗ്രാം വിഡിയോ
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്

- Published:
24 Jan 2026 4:41 PM IST

ന്യുഡൽഹി: കഫേയിൽ വെച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിയുടെ കുറ്റസമ്മത വിഡിയോ പുറത്ത്. ഇൻസ്റ്റഗ്രാമിലാണ് പ്രതിയുടെ കുറ്റസമ്മത വിഡിയോ പ്രത്യക്ഷപ്പെട്ടത്. 'അവൻ എന്നെ തല്ലി, ഞാൻ അവനെ കൊന്നു'- എന്നാണ് വിഡിയോയിൽ പറയുന്നത്. കൊലപാതകത്തിൽ തന്റെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പങ്കില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. 'moinqureshiii_' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവ് വീഡിയോ പങ്കുവെച്ചത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. മൗജ്പൂരിലെ 'മിസ്റ്റർ കിംഗ് ലോഞ്ച് ആൻഡ് കഫേ'യിലായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ഫൈസാൻ്റെ തലയിലും നെഞ്ചിലുമായി മൂന്ന് വെടിയുണ്ടകളാണ് കൊണ്ടിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹത്തിൽ മൽപിടുത്തം നടന്നതിൻ്റെ ലക്ഷണങ്ങളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
വിഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്- 'വ്യക്തിപരമായ വൈരാഗ്യം മൂലമാണ് ഞാൻ ഫൈസാനെ കൊലപ്പെടുത്തിയത്. നാല് മാസം മുൻപ് അവൻ എന്നെ തല്ലിയിരുന്നു. അതിൻ്റെ പ്രതികാരമായാണ് ഞാൻ അവൻ്റെ ജീവനെടുത്തത്. ഇതിൽ എൻ്റെ അച്ഛനോ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ യാതൊരു പങ്കുമില്ല. ആരുടെയും നിർദേശപ്രകാരമോ പണത്തിന് വേണ്ടിയോ അല്ല ഇത് ചെയ്തത്.'
എന്നാൽ, പണം തിരികെ നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഫൈസാൻ്റെ സഹോദരൻ സൽമാൻ പറയുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത പ്രതിയും പിതാവും ചേർന്ന് വീട്ടിലെത്തി ഫൈസാനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സൽമാൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
Adjust Story Font
16
