ക്യാഷ് ഓൺ ഡെലിവറികൾക്ക് അധിക നിരക്ക്; ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം
ഉപഭോക്തൃകാര്യ വകുപ്പിന് പരാതികൾ ലഭിച്ചതായാണ് മന്ത്രി പറയുന്നത്

പ്രതീകാത്മക ചിത്രം Photo | Special Arrangement
ന്യൂഡൽഹി: ക്യാഷ് ഓൺ ഡെലിവറികൾക്ക് അധിക നിരക്ക് ഈടാക്കുന്ന ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
അധിക നിരക്ക് ഈടാക്കുന്നെന്ന ആരോപണം തുറന്നുകാട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായൊരു പോസ്റ്റിനോട് പ്രതികരിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വലിയ പ്രതിഷേധമാണ് ഇത്തരം ഡാർക്ക് പാറ്റേണുകൾക്കെതിരെ ഉയർന്നു വരുന്നത്. പേയ്മെന്റ് ഹാൻഡലിങ് , ഓഫർ ഹാൻഡലിങ് പോലുള്ള അവ്യക്തമായ പലതിലുമാണ് പ്ലാറ്റ്ഫോമുകൾ അധിക ചാർജുകൾ ഒളിപ്പിച്ചു കടത്തുന്നതെന്നാണ് ആരോപണം.
ഓൺലൈൻ ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി ഒരു ഉപഭോക്താവ് എക്സിൽ കുറിച്ച പോസ്റ്റാണ് വൈറലായത്.
ഓഫർ ഹാൻഡലിങ് ഫീ, പേയ്മെന്റ് ഹാൻഡലിങ് ഫീ, പ്രൊട്ടക്ട് പ്രൊമിസ് ഫീ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് അധിക നിരക്ക് ഈടാക്കിയതെന്നും പോസ്റ്റിൽ പറയുന്നു.
ക്യാഷ് ഓൺ ഡെലിവറികൾക്ക് അധിക നിരക്ക് ഈടാക്കുന്ന ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ ഉപഭോക്തൃകാര്യ വകുപ്പിന് പരാതികൾ ലഭിച്ചതായാണ് മന്ത്രി പറയുന്നത്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയാണ് ഇത്തരം പ്ലാറ്റ്ഫോമുകളെന്നും മന്ത്രി പറഞ്ഞു. ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ പേയ്മെന്റുകളും സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നത്.
Adjust Story Font
16

