Quantcast

'ആരും നിയമത്തിന് അതീതരല്ല': കന്നഡ നടൻ ദർശന്‍റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി

ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2025-08-14 06:05:50.0

Published:

14 Aug 2025 11:34 AM IST

ആരും നിയമത്തിന് അതീതരല്ല: കന്നഡ നടൻ ദർശന്‍റെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി
X

ഡൽഹി: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിം കോടതി റദ്ദാക്കി. ജാമ്യം നൽകിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാട്ടി. പ്രതി എത്ര വലിയവനായാലും അയാൾ നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് ജസ്റ്റിസ് പർദിവാല വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

ദര്‍ശനും കൂട്ടുപ്രതികൾക്കും ജാമ്യം നൽകിയതിനെ സുപ്രിം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. "ഹൈക്കോടതിയുടെ സമീപനമാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത രീതി നോക്കൂ. ഇത് പറയേണ്ടി വന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്, പക്ഷേ എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി സമാനമായ ഉത്തരവുകൾ നിർദ്ദേശിക്കുന്നുണ്ടോ," എന്നാണ് ബെഞ്ച് ചോദിച്ചത്.

രേണുകസ്വാമി കൊലപാതകക്കേസിൽ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തിൽ വിടുകയും ചെയ്തു. . ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററിൽ സിനിമ കണ്ടത് വിവാദമായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.

ചിത്രദുർഗയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദേശപ്രകാരം ജൂൺ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തിൽ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

TAGS :

Next Story