കരൂർ ദുരന്തം; വിജയിനെ സിബിഐ പ്രതി ചേർത്തേക്കും
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും

ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയിനെ സിബിഐ പ്രതി ചേർത്തേക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാൻ സാധ്യത. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാകും കേസ്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് തമിഴ്നാട് പൊലീസ് സിബിഐയെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ആസ്പദമാക്കി നടനിൽ നിന്ന് വിവരങ്ങൾ തേടും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.
രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി താരം ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയിരുന്നു. ആഡംബര എസ്‌യുവികളുടെ അകമ്പടിയോടെയാണ് ഇന്ന് രാവിലെ ലോധി റോഡിലുള്ള ഏജൻസി ആസ്ഥാനത്ത് എത്തിയത്. ഏജൻസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിൽ നിന്നുള്ള ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 12 ന് ന്യൂഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കൽ കാരണം മറ്റൊരു തിയതി ആവശ്യപ്പെടുകയായിരുന്നു.
സെപ്റ്റംബർ 27 നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉൾപ്പെടും.41 കുടുംബങ്ങളിൽ 39 കുടുംബങ്ങൾക്ക് ടിവികെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇതിനകം നൽകിയിട്ടുണ്ട്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു . അന്വേഷണത്തിന്‍റെ ഭാഗമായി കരൂരിൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.
Adjust Story Font
16

