Quantcast

2002ൽ വാജ്പേയി രാജധർമം ഓർമിപ്പിച്ചച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോൾ മോദിയെ രക്ഷിച്ചത് അദ്വാനി-ജയറാം രമേശ്

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ മോദി തന്റെ ശിഷ്യനല്ല, നല്ലൊരു ഇവന്റ് മാനേജറാണെന്നും അദ്വാനി പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ്

MediaOne Logo

Web Desk

  • Updated:

    2024-02-04 10:06:10.0

Published:

4 Feb 2024 9:42 AM GMT

Advani saved Modis Gujarat CM chair in 2002: Says Congress leader Jairam Ramesh, LK Advani, Bharat Ratna, Narendra Modi,
X

ജയറാം രമേശ്

റാഞ്ചി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2002 ഗുജറാത്ത് കലാപത്തിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടേണ്ടിയിരുന്ന നരേന്ദ്ര മോദിയെ സംരക്ഷിച്ചത് അദ്വാനിയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നു പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയി മോദിയെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാർഖണ്ഡിലെ ദിയോഗഢിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''2002ൽ അദ്വാനിയാണ് മോദിയെ രക്ഷിച്ചത്. അന്നു പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്‌പേയി മോദിയെ രാജധർമത്തെക്കുറിച്ച് ഓർമിപ്പിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.''-ജയറാം രമേശ് സൂചിപ്പിച്ചു.

(ബി.ജെ.പിയുടെ) ഗോവ യോഗത്തിൽ മോദിയെ രക്ഷിച്ച ഏക വ്യക്തി അദ്വാനിയായിരുന്നു. മോദി നല്ലൊരു ഇവന്റ് മാനേജറാണെന്ന പ്രശസ്തമായ പ്രസ്താവന നടത്തിയയാൾ കൂടിയാണ് അദ്വാനി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ പക്ഷെ മോദി തന്റെ ശിഷ്യനല്ല, നല്ലൊരു ഇവന്റ് മാനേജറാണെന്നും അദ്വാനി പറയുകയുണ്ടായി. മോദിയെയും അദ്വാനിയെയും കാണുമ്പോൾ ഈ രണ്ടു സംഭവങ്ങളാണ് തന്റെ മനസിൽ വരാറുള്ളതെന്നും ജയറാം രമേശ് പരിഹസിച്ചു.

അദ്വാനിക്ക് ഭാരതരത്ന നൽകിയതിനെ നേരത്തെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. അദ്വാനിക്ക് ഭാരതരത്ന നൽകാൻ വൈകിപ്പോയെന്നായിരുന്നു കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. ബി.ജെ.പി നേരത്തെ അദ്വാനിയോട് ചെയ്തതെല്ലാം വേദനാജനകമാണ്. ഇന്നത്തെ ബി.ജെ.പിയുടെ നേട്ടങ്ങൾക്ക് കാരണം അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനത്തെ ശിവസേന ഉദ്ദവ് താക്കറെ പക്ഷവും സ്വാഗതം ചെയ്തു. എന്തുകൊണ്ടാണ് ബാൽതാക്കറേയ്ക്കും വി.ഡി സവർക്കർക്കും ഇതുവരെ ഭാരതരത്ന നൽകാത്തതെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ചോദിച്ചു. നേരത്തെ ഈ ആവശ്യം തങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബി.ജെ.പി അവരെക്കുറിച്ച് ഓർമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary: ''Advani saved Modi's Gujarat CM chair in 2002'': Says Congress leader Jairam Ramesh

TAGS :

Next Story