ഗുരുതരമായ കണ്ടെത്തൽ; ഇന്ത്യയില്‍ നിന്നുള്ള മാങ്ങ വേണ്ടെന്ന് നേപ്പാളും, കാരണം ഇത്
ഇന്ത്യയില്‍ നിന്നുള്ള മാങ്ങയുടെ ഇറക്കുമതി ജപ്പാന് നേരത്തെ വിലക്കിയിരുന്നു

- Published:
10 Jun 2026 3:17 PM IST

ജപ്പാന് പിന്നാലെ, ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാൾ. കീടനാശിനിയുടെ അമിത സാന്നിധ്യവും അതിര്‍ത്തിപ്രദേശങ്ങളിലെ ക്വാറന്റൈന് സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയാണ് നടപടി.
നേപ്പാളിലെ കാർഷിക-പശുസംരക്ഷണ വികസന മന്ത്രാലയം ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ഏപ്രിൽ-മെയ് മാസം മുതൽ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിരോധനത്തെത്തുടര്‍ന്ന് നേപ്പാളിലെ പ്രാദേശിക വിപണികള്‍ ഇപ്പോള്‍ തദ്ദേശീയ മാമ്പഴങ്ങളാല്‍ നിറഞ്ഞതായും സൂചിപ്പിക്കുന്നു.
തീരുമാനം അൽഫോൻസോ, ദശേരി, ചൗസ, കേസർ, ലങ്ഡ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യയിലെ പ്രീമിയം ഇനം മാമ്പഴങ്ങളെ ബാധിക്കും. മതിയായ തയാറെടുപ്പുകൾ ഇല്ലാതെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും ഇത് ബിസിനസുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും നേപ്പാളിലെ പ്രാദേശിക വ്യാപാരികൾ പറയുന്നു. രാജ്യത്തെ മാമ്പഴത്തിന്റെ മൊത്തത്തിലുള്ള ആവശ്യം നിറവേറ്റാൻ പ്രാദേശിക ഉൽപ്പാദനം മാത്രം മതിയാകില്ല എന്നാണ് ജനക്പൂർധാമിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭുവനേശ്വർ പുർബെ വ്യക്തമാക്കിയത്.
നീക്കത്തെ പ്രാദേശിക ഫലവർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരമായാണ് നേപ്പാൾ അധികൃതർ ചിത്രീകരിക്കുന്നത്. ഈ നിയന്ത്രണം പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ ആരോഗ്യപ്രദമായ പഴങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് മധേഷ് പ്രവിശ്യയിലെ ലാൻഡ് മാനേജ്മെന്റ്, കൃഷി, സഹകരണ മന്ത്രാലയ വക്താവ് മനീഷ് കുമാർ പാൽ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ ഫൈറ്റോസാനിറ്ററി നിലവാരത്തിന് തുല്യമായിരിക്കണം എന്നാണ് നേപ്പാള്‍ ഭരണകൂടം നിഷ്കര്‍ഷിക്കുന്ന പുതിയ മാനദണ്ഡങ്ങളെന്ന്, നേപ്പാളിലേക്ക് മാമ്പഴം കയറ്റുമതി ചെയ്തിരുന്ന പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ മാമ്പഴ വ്യാപാരികള്‍ വ്യക്തമാക്കി. ഇന്ത്യ നേപ്പാളിലേക്ക് ഏകദേശം 12,000 ടണ്‍ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ഏതാണ്ട് 3.6 മില്യണ്‍ യു.എസ് ഡോളറിന്റെ മാമ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മാങ്ങയുടെ ഇറക്കുമതി ജപ്പാന് നേരത്തെ വിലക്കിയിരുന്നു. മാമ്പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കീടങ്ങളെ അകറ്റുന്നതിനും ഇന്ത്യയിലെ പ്ലാന്റുകളില്‍ സ്വീകരിക്കുന്ന സുരക്ഷാ പ്രക്രിയകളില്‍ വീഴ്ച കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്പാന്റെ നടപടി. 20 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ മാങ്ങകള്‍ക്ക് ജപ്പാന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാങ്ങാ സീസണിലെ വിലക്ക് ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് വലിയ തിരിച്ചടിയാണ്.
ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗ്ഗങ്ങളിലെ പഴ ഈച്ചകള്‍ (ഫ്രൂട്ട് ഫ്ളൈ) പോലുള്ള കീടങ്ങള്‍ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാന്‍ ജപ്പാന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നുണ്ട്. ഇത്തരം കീടങ്ങളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നടപടികള്‍ ഇന്ത്യയിലെ പ്ലാന്റുകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് ജാപ്പനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16
