Quantcast

ഷാഹി മസ്ജിദ്: പ്രതിഷേധം, പ്രതിരോധം, സംഘർഷം; സമവായത്തിനൊടുവിൽ ഉജ്ജയിൻ സാധാരണ നിലയിലേക്ക്

പള്ളി നൂറിലധികം വർഷം പഴക്കമുള്ള ചരിത്രസ്മാരകമാണെന്നും, 1975-ൽ തന്നെ ഗതാഗതത്തിനായി പള്ളിയുടെ ഭൂമി വിട്ടുനൽകിയിട്ടുണ്ടെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-09-30 11:40:10

Published:

30 Sept 2026 4:55 PM IST

ഷാഹി മസ്ജിദ്: പ്രതിഷേധം, പ്രതിരോധം, സംഘർഷം; സമവായത്തിനൊടുവിൽ ഉജ്ജയിൻ സാധാരണ നിലയിലേക്ക്
X

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്കും തുടർന്നുണ്ടായ പൊലീസ് നടപടികൾക്കും പിന്നാലെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. പള്ളിയുടെ ഒരു ഭാഗം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പള്ളി കമ്മിറ്റിയും തമ്മിൽ ഒത്തുതീർപ്പ് ധാരണയിലെത്തിയതോടെയാണ് ദിവസങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിന് അയവു വന്നത്.

സെപ്റ്റംബർ 28 പുലർച്ചെയാണ് ഉജ്ജയിൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കാന്തൽ ചൗരഹ മുതൽ ഗോപാൽ മന്ദിർ വരെയുള്ള റോഡ് വീതികൂട്ടുന്നതിനായി ഷാഹി മസ്ജിദിന്റെ ഭാഗം നീക്കം ചെയ്യാനുള്ള നടപടികളുമായി മുനിസിപ്പൽ അധികൃതരും പൊലീസും എത്തിയത്. പള്ളിയുടെ ഘടന പൊളിക്കുന്നതിനെതിരെ നൂറുകണക്കിന് ആളുകൾ പ്രദേശത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറികടക്കാൻ ചിലർ ശ്രമിച്ചതോടെ പൊലീസും ജനക്കൂട്ടവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ജനക്കൂട്ടത്തിൽ നിന്നുമുണ്ടായ കല്ലേറിൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ പുഷ്പ പാഞ്ചാൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ ആരോപിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

വിഷയത്തിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. സത്യവാങ്മൂലപ്രകാരമുള്ള നിശ്ചിത ചെറിയ ഭാഗം (ഏകദേശം മൂന്ന് അടി) മാത്രമേ നീക്കം ചെയ്യാവൂ എന്നും നിർമ്മാണത്തിന് പകരമായി നിർദിഷ്ട 'ഫ്‌ളോർ ഏരിയ റേഷ്യോ' നൽകുന്നതിൽ സമവായമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

2028-ൽ ഉജ്ജയിനിൽ നടക്കാനിരിക്കുന്ന സിംഹസ്ഥ മഹാകുംഭമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന പാതകൾ വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്. കാന്തൽ ചൗരഹ മുതൽ ഗോപാൽ മന്ദിർ വരെയുള്ള പാത 15 മീറ്ററായി വീതി കൂട്ടുന്ന പദ്ധതിയിലാണ് ഷാഹി മസ്ജിദിന്റെ മുൻഭാഗം ഉൾപ്പെട്ടത്.

പള്ളി നൂറിലധികം വർഷം പഴക്കമുള്ള ചരിത്രസ്മാരകമാണെന്നും, 1975-ൽ തന്നെ ഗതാഗതത്തിനായി പള്ളിയുടെ ഭൂമി വിട്ടുനൽകിയിട്ടുണ്ടെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പദ്ധതി പ്രദേശത്തെ മറ്റ് ആരാധനാലയങ്ങളും സ്വകാര്യ കെട്ടിടങ്ങളും ഇതിനകം പദ്ധതിക്കായി വിട്ടുനൽകിയിട്ടുണ്ടെന്നും വികസനത്തിന് എല്ലാ സമുദായങ്ങളുടെയും സഹകരണമുണ്ടെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഉജ്ജയിൻ സിറ്റി ഖാസി അതീഖുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ഉജ്ജയിൻ മുസ്‌ലിം റെപ്രസെന്റേറ്റീവ് കമ്മിറ്റി ജില്ലാ ഭരണകൂടവുമായി ചർച്ചകൾ നടത്തുകയും റോഡിന് ബദൽ റൂട്ട് നിർദേശിക്കുകയും ചെയ്തിരുന്നു. സിംഹസ്ഥ 2028 തയ്യാറെടുപ്പുകളുമായി നഗരത്തിലെ എല്ലാ സമുദായങ്ങളും സഹകരിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ മുസ്‌ലിം സമുദായവും പിന്നിലല്ലെന്നും സിറ്റി ഖാസി വ്യക്തമാക്കി. പള്ളി അധികൃതർ തന്നെ സമ്മതപ്രകാരം മൂന്നടി ഭാഗം നീക്കം ചെയ്യാൻ തീരുമാനിച്ചതോടെയാണ് പ്രതിസന്ധി പരിഹരിക്കപ്പെട്ടതെന്ന് ഷാഹി മസ്ജിദ് കമ്മിറ്റി അംഗം ഇമ്രാൻ അറിയിച്ചു.

കല്ലേറിലും ലാത്തിച്ചാർജിലും ചില പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിനും ആക്രമണത്തിനും പത്തോളം പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും വലിയ പൊലീസ് സന്നാഹത്തെയും ഷാഹി മസ്ജിദ് പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.

അനാവശ്യ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും ജില്ലാ കലക്ടർ റോഷൻ സിങ്ങും ഉജ്ജയിൻ ശഹർ ഖാസി ഖലീഖുർറഹ്മാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരസ്പര ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങിയതോടെ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കുകയും പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാവുകയും ചെയ്തു.

TAGS :

Next Story