Quantcast

രാജീവ് ഗാന്ധി വധക്കേസ്; 24 വർഷം പഴക്കമുള്ള അന്വേഷണ ഏജൻസി പിരിച്ചുവിട്ടു

1998ൽ എംസി ജെയിൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്

MediaOne Logo

Web Desk

  • Published:

    18 Oct 2022 6:36 AM GMT

രാജീവ് ഗാന്ധി വധക്കേസ്; 24 വർഷം പഴക്കമുള്ള അന്വേഷണ ഏജൻസി പിരിച്ചുവിട്ടു
X

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ ഏജൻസി പിരിച്ചുവിട്ടു. 24 വർഷം പഴക്കമുള്ള മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി (എംഡിഎംഎ) പിരിച്ചുവിട്ടതായി സർക്കാർ അറിയിച്ചു.

സിബിഐയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഏജൻസിയാണ് എംഡിഎംഎ. ഒന്നിലധികം കേന്ദ്ര സുരക്ഷാ ഏജൻസികളിലെ ഉദ്യോഗസ്ഥരും എംഡിഎംഎയിൽ പ്രവർത്തിച്ചിരുന്നു. 1998ൽ എംസി ജെയിൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്. രണ്ടുവർഷമായിരുന്നു കാലാവധി. ശേഷം എല്ലാ വർഷവും വിപുലീകരണങ്ങൾ നടത്തി ഏജൻസിയുടെ കാലാവധി നീട്ടുകയായിരുന്നു.

വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രാജീവ് ഗാന്ധി വധക്കേസിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ എംഡിഎംഎക്ക് കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ബാങ്കിങ് ഇടപാടുകൾ ഉൾപ്പടെയുള്ള വിവരങ്ങൾ തേടി ശ്രീലങ്ക, ബ്രിട്ടൺ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് 24 കത്തുകൾ എംഡിഎംഎ അയച്ചിരുന്നു.

ഇതിൽ 20 കത്തുകൾക്ക് മാത്രമാണ് വിശദീകരണം ലഭിച്ചത്. എങ്കിലും, കാര്യമായ തെളിവുകളോ വിവരങ്ങളോ ഇതിൽ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചില്ല. ഇതോടെയാണ് ഏജൻസി പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, അന്വേഷണം ഏറെക്കുറേ പൂർത്തിയായെന്നും ബാക്കിയുള്ള തീർപ്പാക്കാത്ത വിഷയങ്ങൾ സിബിഐയുടെ മറ്റൊരു യൂണിറ്റിന് കൈമാറിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

1991 മേയ് 21നാണ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ അംഗമായ തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം ചാവേർ ആക്രമണത്തിലൂടെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു.

TAGS :

Next Story