Quantcast

മോദിയെത്തുന്നതിന് തൊട്ടുമുമ്പ് മോർബിയിൽ പാലം പുനർനിർമിച്ച കമ്പനിയുടെ പേര് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു

കമ്പനിയുടെ ഭാഗത്തുനിന്ന് നിരവധി കാര്യങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. പക്ഷെ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    1 Nov 2022 11:41 AM GMT

മോദിയെത്തുന്നതിന് തൊട്ടുമുമ്പ് മോർബിയിൽ പാലം പുനർനിർമിച്ച കമ്പനിയുടെ പേര് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു
X

മോർബി: തൂക്കുപാലം തകർന്ന് 130 പേർ മരിച്ച മോർബിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് പാലം പുനർനിർമിച്ച കമ്പനിയുടെ പേര് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു. ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം ഗുജറാത്ത് ആസ്ഥാനമായ 'ഒറേവ ഗ്രൂപ്പ്' ആണ് പുനർനിർമിച്ചത്. മോദിയെത്തുന്നത് ഫോട്ടോ ഷൂട്ടിനാണെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്കുമ്പോഴാണ് പുതിയ നടപടി.

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിന് മുമ്പ് പാലം തുറന്നുകൊടുത്തതിൽ പ്രധാനമന്ത്രിയും ബിജെപിയും മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ബിജെപി സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി തിരക്കിട്ട് പാലം തുറന്നുകൊടുത്തതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് കോൺഗ്രസും ആം ആദ്മിയും ആരോപിച്ചു.

പാലത്തിലെ ചില പഴയ കേബിളുകൾ പുനർനിർമാണത്തിൽ മാറ്റിയിരുന്നില്ലെന്നാണ് വിവരം. പാലത്തിന്റെ പുനർനിർമാണത്തിനും നവീകരണത്തിനുമായി 15 വർഷത്തേക്കാണ് ഒറേവ ഗ്രൂപ്പ് മോർബി നഗരസഭയുമായി കരാറൊപ്പിട്ടത്. എന്നാൽ ഇവർ ജോലികൾ അറിയപ്പെടാത്ത ചെറിയ കമ്പനിയായ ദേവ് പ്രകാശ് സൊലൂഷൻസിന് പുറം കരാർ നൽകുകയായിരുന്നു.

നവീകരണത്തിനായി മാർച്ചിൽ അടച്ച പാലം കഴിഞ്ഞ ആഴ്ചയാണ് തുറന്നത്. നഗരസഭയുമായുള്ള കരാർ പ്രകാരം നവീകരണത്തിനായി പാലം എട്ട് മുതൽ 12 മാസം വരെ അടച്ചിടണം. ഒറേവ കമ്പനിയുടെ ഭാഗത്തുനിന്ന് നിരവധി കാര്യങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപണമുണ്ട്. പക്ഷെ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. കമ്പനിയിലെ ജീവനക്കാരായ ഒമ്പതുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story