അഹമ്മദാബാദ് വിമാനാപകടം: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി
ഡിഎൻഎ പരിശോധനകളടക്കം നടത്തിയാണ് മൃതദേഹങ്ങൾ വിട്ടുനൽകുന്നത്.

അഹമ്മദാബാദ് :അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് ഓരോ മൃതദേഹവും വിട്ടുനൽകുന്നത്. ഇതിനോടകം തന്നെ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ അഞ്ചിലധികം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഡിഎൻഎ പരിശോധനകളടക്കം നടത്തിയാണ് മൃതദേഹങ്ങൾ വിട്ടുനൽകുന്നത്.
265 പേരുടെ മരണമാണ് ഇത് വരെ സ്ഥിരീകരിച്ചത്. വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾ ഉൾപ്പെടെ വിമാനയാത്രക്കാർ അല്ലാത്ത 24 പേരും അപകടത്തിൽ മരിച്ചു. ഗുരുധരമായി പരിക്കേറ്റ നിരവധി വിദ്യാർഥികൾ ചികിത്സയിലാണ്. വിമാനത്തിന്റെ പുറക് വശത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. കോക്ക്പിറ്റിലെ സംഭാഷണം റെക്കോർഡ് ചെയ്യുന്ന മുൻ ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി അപകടം നടന്ന സ്ഥലവും പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും.
വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
Adjust Story Font
16

