അഹമ്മദാബാദ് വിമാനദുരന്തം; എയർ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റുമാരുടെ പരിശീലന വിവരങ്ങൾ തേടി ഡിജിസിഎ
എയർ ഇന്ത്യയുടെ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്

ഡൽഹി: അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റുമാരുടെ പരിശീലന വിവരങ്ങൾ തേടി ഡിജിസിഎ. തിങ്കളാഴ്ചയ്ക്കകം വിശദാംശങ്ങൾ നൽകണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.
അതേസമയം അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ എയർ ഇന്ത്യയെ പ്രതിസന്ധിയിലാക്കി വിമാനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ. ഇന്ന് മാത്രം അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളുടെ പരിശോധന തുടരുകയാണ്.
തുടർച്ചയായി എയർ ഇന്ത്യ വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് ആശങ്ക ഉളവാക്കുകയാണ്. ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകളാണ് റദ്ദാക്കിയത് . അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാട്‌വിക്കിലേക്കുള്ള വിമാനവും ഗാട്‌വിക്കില്‍നിന്ന് അമൃത്സറിലേക്കുള്ള വിമാനവും ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള വിമാനവും ഡല്‍ഹി മെല്‍ബണ്‍ വിമാനവുമാണ് ഇന്ന് റദ്ദാക്കിയത്. ഡിജിസിഎ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം.
അതിനിടെ, യുഎസിലെ സാൻഫ്രാൻസിസ്കോയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ ഒരു എന്‍ജിനില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ വിമാനം കൊല്‍ക്കത്തയിലിറക്കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് നിര്‍മിത 787 - 8, 9 വിമാനങ്ങളില്‍ അധിക സുരക്ഷാ പരിശോധന നടത്തണമെന്നാണ് ഡിജിസിഎ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധന നടത്തേണ്ടതിനാല്‍ ചില സര്‍വീസുകളില്‍ തടസ്സം നേരിട്ടേക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

