ശ്രീനഗറിൽ നിന്നുള്ള യാത്രക്ക് നിരക്ക് കൂട്ടി വിമാന കമ്പനികള്‍: ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപ
ശ്രീനഗറിൽ നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കാന്‍ കമ്പനികൾക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നിന്നുള്ള യാത്രക്ക് നിരക്ക് കൂട്ടി വിമാന കമ്പനികൾ. എയർ ഇന്ത്യയുടെ ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപയായി. ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റുകള്‍ കിട്ടാതായി. എല്ലാ സർവീസുകളുടെയും ടിക്കറ്റുകൾ വിറ്റുപോയി. ശ്രീനഗറിൽ നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാൻ കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കശ്മീരിലെ പഹൽഗാമിനടുത്തുള്ള ബൈസരനിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ്.രണ്ട് വിദേശികളും ഒരു മലയാളിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. അനന്തനാഗ് ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്. ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
Adjust Story Font
16

