'ഇൻഡ്യ സഖ്യത്തെ അഖിലേഷ് യാദവ് നയിക്കണം'; ബിഹാർ തോൽവിക്ക് പിന്നാലെ ആവശ്യമുയരുന്നു
ബിഹാറിൽ കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയിൽ നിന്ന് നേതൃമാറ്റമെന്ന ആവശ്യമുയരുന്നതിന് സവിശേഷ പ്രധാന്യമുണ്ട്

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇൻഡ്യ സഖ്യത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുയരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്നും ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ തങ്ങൾക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും എസ്പി എംഎൽഎ ആയ രവിദാസ് മെഹ്‌റോത്ര പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റ് നേടിയ സമാജ്‌വാദി പാർട്ടി പ്രതിപക്ഷത്ത് കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയാണ്. ബാലറ്റ് ഉപയോഗിച്ചാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കിൽ ഇൻഡ്യ സഖ്യം സർക്കാർ രൂപീകരിക്കുമായിരുന്നു. ഇല്‌ക്ടോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കണമെന്നും ബാലറ്റിലേക്ക് മടങ്ങണമെന്നും അഖിലേഷ് യാദവ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും രവിദാസ് മെഹറോത്ര പറഞ്ഞു.
ബിഹാറിൽ കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയിൽ നിന്ന് നേതൃമാറ്റമെന്ന ആവശ്യമുയരുന്നതിന് സവിശേഷ പ്രധാന്യമുണ്ട്. 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സഖ്യകക്ഷിയായ ആർജെഡി 25 സീറ്റാണ് നേടിയത്. കഴിഞ്ഞ തവണ അവർക്ക് 75 സീറ്റുണ്ടായിരുന്നു. 202 സീറ്റ് നേടി എൻഡിഎ സഖ്യമാണ് ബിഹാറിൽ അധികാരത്തിലെത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി കോൺഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ പരാജയമായിരുന്നു. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന എട്ട് സംസ്ഥാനങ്ങളിൽ ആറിടത്തും ബിജെപിയും സഖ്യകക്ഷികളുമാണ് വിജയിച്ചത്. ഇതിൽ ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തോൽവി കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.
ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കണമെന്ന തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ''ഇൻഡ്യ സഖ്യത്തിൽ ആരാണ് നേതാവ്? പ്രതിപക്ഷത്തിന്റെ മുഖമായി ആരെയും നേതാവായി തിരഞ്ഞെടുത്തിട്ടില്ല. ഇപ്പോൾ അത് ചെയ്യേണ്ടതുണ്ട്. കോൺഗ്രസ് പരാജയപ്പെട്ടു എന്നത് സ്ഥിരീകരിക്കപ്പെട്ടു. കോൺഗ്രസ് നേതാക്കൾ പരിശ്രമിച്ചെങ്കിലും അവർ പരാജയപ്പെടുകയായിരുന്നു. ഞങ്ങൾ കോൺഗ്രസിൽ വിശ്വസിച്ചു, പക്ഷേ അവർക്ക് വിജയിക്കാനായില്ല''- കഴിഞ്ഞ വർഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ കല്യാൺ ബാനർജി പറഞ്ഞിരുന്നു.
ഇൻഡ്യ സഖ്യത്തെ നയിക്കാൻ മമതയെ അനുവദിക്കണമെന്ന് ആർജെഡി സ്ഥാപകനായ ലാലു പ്രസാദ് യാദവും കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

