സാമ്പത്തികമായി സ്വയംപര്യാപ്തതയുള്ള ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അർഹതയില്ല: ഡൽഹി ഹൈക്കോടതി
ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ ഗ്രൂപ്പ് എ ഓഫീസറായ യുവതി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന വിധി

Alimony | Photo | Out look
ന്യൂഡൽഹി: വിവാഹബന്ധം പിരിയുമ്പോൾ നൽകുന്ന ജീവനാംശത്തിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ ഗ്രൂപ്പ് എ ഓഫീസറായ യുവതി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേതർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി.
സാമൂഹിക നീതി ഉറപ്പാക്കുന്നതിനാണ് ജീവനാംശം. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 25 കക്ഷികളുടെ വരുമാനം, വരുമാന ശേഷി, സ്വത്ത്, പെരുമാറ്റം എന്നിവ കണക്കിലെടുത്ത് ജീവനാംശം നൽകാൻ കോടതിക്ക് വിവേചനാധികാരം നൽകുന്നുണ്ട്. ജീവിതപങ്കാളി സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയ സാഹചര്യത്തിൽ ഹിന്ദു വിവാഹ നിയമത്തിലെ 25-ാം സെക്ഷൻ നടപ്പാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വേർപിരിയലിന് ശേഷം അഭിഭാഷകനായ തന്റെ മുൻ ഭർത്താവിൽ നിന്ന് ജീവനാംശവും നഷ്ടപരിഹാരവും തേടിയുള്ളതായിരുന്നു യുവതിയുടെ ഹരജി. 2010ൽ വിവാഹിതരായ ദമ്പതികൾ മൂന്ന് വർഷം മാത്രമാണ് ഒരുമിച്ച് കഴിഞ്ഞത്. 2023 ആഗസ്റ്റിലാണ് ഇരുവർക്കും കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്.
ഭാര്യയിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നതായി ഭർത്താവ് പറഞ്ഞു. മോശം ഭാഷയുപയോഗിച്ച് അധിക്ഷേപിച്ചു, അപമാനിക്കുന്ന സന്ദേശങ്ങളയച്ചു, ദാമ്പത്യ ജീവിതത്തിലെ അവകാശങ്ങൾ നിഷേധിച്ചു, സമൂഹത്തിലും സഹപ്രവർത്തകർക്കിടയിലും അപമാനിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവ് ഉന്നയിച്ചത്.
വിവാഹമോചനം നൽകിയ കുടുംബകോടതി ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് സത്യവാങ്മൂലത്തിൽ യുവതി ഉൾപ്പെടുത്തുകയും ക്രോസ് വിസ്താരത്തിൽ ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷണം. ഹ്രസ്വകാലത്തെ ദാമ്പത്യ ജീവിതം, കുട്ടികളില്ലാത്തതും പരാതിക്കാരിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള വരുമാനമുള്ളതും ചൂണ്ടിക്കാട്ടിയാണ് ജീവനാംശം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്.
Adjust Story Font
16

