കാലുമാറ്റത്തിന് തടയിടാൻ 'എഎപി പ്ലാൻ'; സൂറത്തിൽ 111 സ്ഥാനാർത്ഥികളും സത്യവാങ്മൂലം ഒപ്പിട്ടു
തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മറ്റ് പാർട്ടികളിലേക്ക് ചേക്കേറില്ലെന്ന് വ്യക്തമാക്കി എല്ലാ സ്ഥാനാർത്ഥികളെക്കൊണ്ടും പാർട്ടി സത്യവാങ്മൂലം ഒപ്പിടുവിച്ചു

- Published:
26 April 2026 4:21 PM IST

സൂറത്ത്: മുൻകാല ദുരനുഭവം ആവർത്തിക്കാതിരിക്കാൻ ഗുജറാത്തിലെ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കർശന നടപടിയുമായി ആം ആദ്മി പാർട്ടി (എഎപി).
തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മറ്റ് പാർട്ടികളിലേക്ക് ചേക്കേറില്ലെന്ന് വ്യക്തമാക്കി എല്ലാ സ്ഥാനാർത്ഥികളെക്കൊണ്ടും പാർട്ടി സത്യവാങ്മൂലം ഒപ്പിടുവിച്ചു. തെരഞ്ഞെടുപ്പ് ഫലം ഏപ്രിൽ 28ന് വരാനിരിക്കെയാണ് പാർട്ടിയുടെ ഈ മുൻകരുതൽ. ഇത്തവണ മത്സരിക്കുന്ന 111 സ്ഥാനാർത്ഥികളും പാർട്ടി നിബന്ധനകൾ പാലിക്കുമെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് എഎപി വക്താവ് യോഗേഷ് ജദ്‌വാനി അറിയിച്ചു.
ഗുജറാത്തിലെ 15 മുൻസിപ്പൽ കോർപ്പറേഷനുകളും 84 മുൻസിപ്പാലിറ്റികളും ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്നാണ്(ഞായറാഴ്ച) തെരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിലാണ് സത്യവാങ്മൂലം വാങ്ങിയത്. ഇംഗ്ലീഷിലുള്ള സത്യവാങ്മൂലം വായിച്ചു കേൾപ്പിച്ച ശേഷമാണ് ഒപ്പിട്ടതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു സ്ഥാനാര്‍ഥി പറഞ്ഞതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ സൂറത്തിൽ 120ൽ 27 സീറ്റുകൾ നേടി എഎപി കരുത്ത് തെളിയിച്ചിരുന്നു. എന്നാൽ അഞ്ച് വർഷത്തെ കാലാവധിക്കിടെ 13 കൗൺസിലർമാർ ബിജെപിയിൽ ചേരുകയും ഒരാളെ പാർട്ടി പുറത്താക്കുകയും ചെയ്തു.
അതേസമയം എഎപി വിട്ട് ബിജെപിയിൽ ചേർന്ന 13 പേർക്കും ഇത്തവണ ബിജെപി സീറ്റ് നൽകിയില്ല. മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നവരുടെ രാഷ്ട്രീയ ഭാവി പൂജ്യമാകുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് എഎപി വക്താവ് വ്യക്തമാക്കി. സത്യവാങ് മൂലം ഒപ്പിടിവിക്കുന്നതിലൂടെ ഞങ്ങളുടെ സ്ഥാനാർത്ഥികൾ പാർട്ടിയോട് കൂറുപുലർത്തുമെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ 120 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന സൂറത്തിൽ, പ്രധാന പ്രതിപക്ഷമായ എഎപി ഇത്തവണയും വലിയ പ്രതീക്ഷയിലാണ്.
തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ വിള്ളലുണ്ടാകുന്നത് തടയാനുള്ള എഎപിയുടെ ഈ നീക്കം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമാകുന്നുണ്ട്. പ്രത്യേകിച്ച് പഞ്ചാബില്‍ ഏഴ് രാജ്യസഭാ എംപിമാരാണ് ബിജെപി പാളയത്തിലേക്ക് പോകാനൊരുങ്ങുന്നത്.
Adjust Story Font
16
