Quantcast

ഉദ്ധവ് പക്ഷത്ത് വീണ്ടും പിളർപ്പ് ഭീതി; നിർണായക യോഗങ്ങൾ ബഹിഷ്കരിച്ച് പ്രമുഖ നേതാക്കൾ

പാർട്ടിയുടെ ചുരുങ്ങിയത് മൂന്ന് എംപിമാരെങ്കിലും അടുത്തിടെ മറ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-04-26 05:07:27

Published:

26 April 2026 10:29 AM IST

ഉദ്ധവ് പക്ഷത്ത് വീണ്ടും പിളർപ്പ് ഭീതി; നിർണായക യോഗങ്ങൾ ബഹിഷ്കരിച്ച് പ്രമുഖ നേതാക്കൾ
X

മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന കലാപം ശിവസേനയെ പിളർത്തുകയും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ട് ഏകദേശം നാല് വർഷം തികയുകയാണ്. എന്നാൽ ഇപ്പോൾ താക്കറെ വിഭാഗം മറ്റൊരു കൂട്ടപ്പാലായനത്തിന്‍റെ വക്കിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടിയുടെ ചുരുങ്ങിയത് മൂന്ന് എംപിമാരെങ്കിലും അടുത്തിടെ മറ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

മറാത്തവാഡ മേഖലയിലെ പാർട്ടിയുടെ പ്രമുഖ മുഖവും മൂന്ന് തവണ ലോക്‌സഭാ എംപിയുമായ സഞ്ജയ് ജാദവ്, മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയായ 'മാതോശ്രീ'യിൽ നടന്ന നിർണായക യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ താക്കറെ പക്ഷം മറ്റൊരു പിളർപ്പിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. കൂടാതെ, സേനാ ഭവനിൽ നേതൃത്വം വിളിച്ചുചേർത്ത പാർട്ടി ഭാരവാഹികളുടെ മറ്റൊരു യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.മൂന്ന് എംപിമാർ ഭരണപക്ഷത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും രാഷ്ട്രീയ വൃത്തങ്ങളിൽ ഇത് ചർച്ചയാവുകയാണ്. 2022-ൽ ഏകനാഥ് ഷിൻഡെ നടത്തിയതിന് സമാനമായ ഒരു നീക്കം ആവർത്തിക്കുമോ എന്ന ആശങ്ക ഉദ്ധവ് പക്ഷത്തെ അണികൾക്കിടയിലുണ്ട്.

എന്നാൽ സഞ്ജയ് യാദവ് പാർട്ടിയുമായി അകൽച്ചയിലാണെന്ന വാർത്തകൾ മുതിർന്ന നേതാവ് അംബാദാസ് ദൻവെ തള്ളി. യാദവ് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കുന്നതിനാലാണ് യോഗത്തിന് എത്താത്തതെന്ന് അദ്ദേഹം വ്യക്തമാക്കി."ഞാൻ ഇന്നലെ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. യോഗം ജില്ല തിരിച്ചുള്ള സാധാരണ അവലോകനം മാത്രമായിരുന്നു. മറ്റ് ഭാരവാഹികളെല്ലാം യോഗത്തിൽ പങ്കെടുത്തു, പാർട്ടി ഒറ്റക്കെട്ടായി തന്നെ നിൽക്കുന്നു" ദൻവെ പറഞ്ഞു.

ചില മുതിർന്ന നേതാക്കൾ ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ നേതാക്കളുമായി രഹസ്യ ചർച്ചകൾ നടത്തുന്നതായി വാർത്തകളുണ്ട്.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസ്, എൻസിപി (ശരദ് പവാർ) പാർട്ടികളുമായി ഉദ്ധവ് പക്ഷത്തിനുള്ള അഭിപ്രായവ്യത്യാസങ്ങളും നേതാക്കളുടെ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. നിലവിൽ അധികാരത്തിലിരിക്കുന്ന ഏക്നാഥ് ഷിൻഡെ വിഭാഗം, ഉദ്ധവ് പക്ഷത്തെ ബാക്കിയുള്ള നേതാക്കളെക്കൂടി തങ്ങളുടെ പാളയത്തിലെത്തിക്കാൻ ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ശിവസേന (യുബിടി) എംപിമാർക്കിടയിൽ അതൃപ്തിയുടെ പിറുപിറുപ്പുകൾ ഉയർന്നിരുന്നു, പാർട്ടിയുടെ പ്രവർത്തന ശൈലിയിലും നേതൃത്വപരമായ ഇടപെടലുകളിലും അതൃപ്തി ഉണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഉദ്ധവ് താക്കറെയോട് വിശ്വസ്തത പുലർത്തുന്ന ചുരുക്കം ചില നേതാക്കളിൽ അരവിന്ദ് സാവന്തും അനിൽ ദേശായിയും മാത്രമാണ് ഇപ്പോൾ ഉറച്ചുനിൽക്കുന്നത്.താഴെത്തട്ടിലുള്ള നേതാക്കളുമായും ജനപ്രതിനിധികളുമായും ഉദ്ധവ് താക്കറെ നേരിട്ട് സംവദിക്കുന്നില്ലെന്ന പരാതിയാണ് വിമതർ പ്രധാനമായും ഉയർത്തുന്നത്.

TAGS :

Next Story