പശു കശാപ്പ് ആരോപിച്ച് കസ്റ്റഡിയിലെടുത്തവര്‍ക്ക് ക്രൂര മര്‍ദനം; ജീപ്പിൻ്റെ ബോണറ്റില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
പ്രതികളെ മര്‍ദിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചുവെന്ന് അഭിഭാഷകന്‍

- Published:
10 May 2026 10:56 AM IST

അഹമ്മദാബാദ്: പശുവിനെ കശാപ്പുചെയ്യുന്നുവെന്ന് ആരോപിച്ച് അഹമ്മദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാക്കള്‍ നേരിട്ടത് അതിക്രൂര മര്‍ദനം. പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ ചേര്‍ത്തുനിര്‍ത്തി കൈകള്‍ പിടിച്ചുവെച്ച് തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഗുജറാത്തിലെ വെജാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
മെയ് അഞ്ചിനാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനധികൃതമായി കശാപ്പുശാല നടത്തുന്നുവെന്ന് ആരോപിച്ചാണ് പൊലീസ് മുഷ്താഖ് മലരിവാല, റഹീസ് ഹുസൈന്‍ ഷെയ്ഖ്, മുനാഫ് മിര്‍ എന്നീ യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 520 കിലോഗ്രാം ഇറച്ചി കസ്റ്റഡിയിലെടുത്തതായാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് ബീഫാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.
ഇതിന് പിന്നാലെയാണ് പിടികൂടിയവര്‍ക്ക് നേരെ പൊലീസിന്റെ അതിക്രൂര മര്‍ദനമുണ്ടായത്. എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതിലും അഞ്ച് മണിക്കൂര്‍ മുമ്പ്, പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുറ്റാരോപിതരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ നൗമാന്‍ ഗാഞ്ചി പറഞ്ഞു. പൊലീസ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് പൊതുമധ്യത്തില്‍ ഇവരെ ക്രൂരമായി മര്‍ദിച്ചു. പൊലീസുകാരിലൊരാള്‍ വഡോദരയിലെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ആളാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പ്രദേശത്തുകൂടെ നടന്നുപോകുകയായിരുന്ന, സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് സാജിദ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കസ്റ്റഡിയിലുള്ള മുനാഫ് വഡോദര സ്വദേശിയാണ്. അഹമ്മദാബാദിലുള്ള ബന്ധുക്കളെ കാണാനാണ് ഇയാള്‍ ഇവിടെയെത്തിയത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് പ്രതികളെ മര്‍ദിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. പ്രതികളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Adjust Story Font
16
