Quantcast

മുഹമ്മദ് സുബൈര്‍ റിമാന്‍ഡില്‍; അറസ്റ്റ് നാല് വര്‍ഷം മുന്‍പത്തെ ട്വീറ്റിന്‍റെ പേരില്‍

എഫ്.ഐ.ആര്‍ വിവരങ്ങൾ പൊലീസ് നൽകിയില്ലെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ

MediaOne Logo

Web Desk

  • Updated:

    2022-06-28 01:20:16.0

Published:

28 Jun 2022 1:11 AM GMT

മുഹമ്മദ് സുബൈര്‍ റിമാന്‍ഡില്‍; അറസ്റ്റ് നാല് വര്‍ഷം മുന്‍പത്തെ ട്വീറ്റിന്‍റെ പേരില്‍
X

ഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ റിമാൻഡ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്‍റെ പേരിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് പുറത്ത് വിട്ടിരുന്നു. തുടർന്ന് ഹിന്ദുത്വ വാദികൾ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണം നടത്തി. ഈയിടെ കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയ ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നതും ആൾട്ട് ന്യൂസാണ്.

ഒരു ദിവസത്തേക്കാണ് സുബൈറിനെ ഡൽഹി കോടതി റിമാൻഡ് ചെയ്തത്. എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് സുബൈറിനെ അറസ്റ്റ് ചെയ്തതെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ പറഞ്ഞു. എഫ്.ഐ.ആര്‍ വിവരങ്ങൾ പൊലീസ് നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു. വിദ്വേഷ പ്രസംഗം തുറന്നുകാട്ടുന്നത് ബി.ജെ.പി ഭീഷണിയായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുബൈറിന്റെ അറസ്റ്റിനെ സി.പി.എമ്മും അപലപിച്ചു. 2017ൽ സ്ഥാപിതമായ ആൾട്ട് ന്യൂസ് വ്യാജ വാര്‍ത്തകളുടെ വസ്തുത വെളിപ്പെടുത്തുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ്.

TAGS :

Next Story