ഡല്‍ഹിയിലെ തെരുവുനായ ശല്യം; ഹരജി ഇന്ന് സുപ്രിം കോടതിയിൽ
സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാലയുടെതായിരുന്നു നിർണായക ഉത്തരവ്

ഡൽഹി: ഡല്‍ഹിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ രണ്ടംഗ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് ഹരജി വിട്ടത്. സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാലയുടെതായിരുന്നു നിർണായക ഉത്തരവ്.
തെരുവ് നായകളെ പിടികൂടുന്നതിനിടയിൽ, മൃഗസ്നേഹികൾ തടസപ്പെടുത്താൻ പാടില്ല. തടസപ്പെടുത്തിയാൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു . ഡൽഹി കൂടാതെ ഉത്തർപ്രദേശിലെ ഗാസിയാബാദ്, നോയിഡ നഗരങ്ങളിലും ഹരിയാനയിലെ ഗുരു ഗ്രാമിലും ബാധകമാകുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തെരുവ് നായകളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ ഇവരെ തടയുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. മൃഗസ്‌നേഹികള്‍ ഒന്നിച്ചാല്‍ കടിയേറ്റ കുട്ടികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആകുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു ദയയുടെയും ആവശ്യമില്ലെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.
Adjust Story Font
16

