പി.എഫ്.ഐ ഓഫീസുകളിലെ റെയ്ഡ്; ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍.ഐ.എ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-22 08:02:44.0

Published:

22 Sep 2022 7:39 AM GMT

പി.എഫ്.ഐ ഓഫീസുകളിലെ റെയ്ഡ്; ഉന്നത തല യോഗം വിളിച്ച് അമിത് ഷാ
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ രാജ്യവ്യാപക റെയ്ഡിനു പിന്നാലെ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളവും തമിഴ്‌നാടും കര്‍ണാടകയും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിലയിരുത്തലാവും യോഗത്തില്‍ നടക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞമാസം ആഗസ്റ്റ് 29ന് അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഒരു ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ രാജ്യമെമ്പാടുമുള്ള പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇന്നത്തെ റെയ്ഡ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍.ഐ.എ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 100ഓളം പി.എഫ്.ഐ നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു.

കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത 22 പേരില്‍ 10ലേറെ പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ നേതാക്കളെ എത്രയും വേഗം ഡല്‍ഹിയിലെത്തിക്കാനുള്ള നീക്കമാണ് ഇരു അന്വേഷണ ഏജന്‍സികളും നടത്തുന്നത്.

കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്. ഓഫീസിന് പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം. പുലർച്ചെ നാലു മണിയോടെയാണ് നേതാക്കളുടെ വീടുകളിലും സംഘടനാ ഓഫീസുകളിലും ഇരു ഏജൻസികളുടേയും റെയ്ഡുണ്ടായത്.

ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾ, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികൾ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ നിന്ന് പ്രഫ. പി കോയയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടേതു കൂടാതെ മുൻ ചെയർമാൻ ഇ അബൂബക്കർ, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സമിതിയംഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.

കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. കേരളം കൂടാതെ തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടന്നു. എൻ.ഐ.എ- ഇ.ഡി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

നടപടി ‌‌ഭരണകൂട ഭീകരതയാണെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ പ്രതികരിച്ചിരുന്നു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ‍ സത്താർ പ്രതികരിച്ചു. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട് പ്രതിഷേധം തുടരുകയാണ്.

TAGS :

Next Story