ജോണ്‍ ബ്രിട്ടാസിന്റെ കത്തിന് മലയാളത്തില്‍ മറുപടി നല്‍കി അമിത് ഷാ; ഭാഷാ വിവാദത്തിനിടെ പുതിയ നീക്കം
മോദി സര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കേരളമടക്കമുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര മന്ത്രി അമിത് ഷാ.
ആദ്യമായാണ് കേന്ദ്ര മന്ത്രി, ഔദ്യോഗിക മറുപടി മലയാളത്തില്‍ നല്‍കുന്നത്. ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നൽകുന്ന രീതിയാണ് അമിത് ഷാ പിന്തുടർന്നത്. എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കൂ എന്ന ചിലമന്ത്രിമാരുടെ രീതിക്ക് അതൊരു മാറ്റവുമായി.
മോദി സര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി. നേരത്തേ കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയിൽ നൽകിയ കത്തിന് മലയാളത്തിൽ മറുപടിയയച്ച് ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷൻ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് അമിത് ഷായുടെ മറുപടി. അയച്ചകത്തുകിട്ടി എന്നുതുടങ്ങുന്ന കത്ത് താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് അവസാനിപ്പിച്ചത്.
ഓവർസീസ് പൗരന്മാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനമിറക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോൺ ബ്രിട്ടാസ് കത്ത് നൽകിയത്. ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കുറ്റപത്രത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കുന്നതിൽ വലിയ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടാസ് അമിത് ഷാക്ക് കത്ത് നൽകിയത്.
Adjust Story Font
16

