Quantcast

വിജയിയെ പിന്തുണച്ചു; പാര്‍ട്ടിയിലെ ഏക എംഎൽഎയെ പുറത്താക്കി ടിടിവി ദിനകരൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എഎംഎംകെയും ടിവികെയും തമ്മിൽ വലിയ പോര് നിലനിന്നിരുന്നു

MediaOne Logo
വിജയിയെ പിന്തുണച്ചു; പാര്‍ട്ടിയിലെ ഏക എംഎൽഎയെ പുറത്താക്കി ടിടിവി ദിനകരൻ
X

ടിടിവി ദിനകരന്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്കൊടുവിൽ മന്നാർഗുഡി എംഎൽഎ, എസ്. കാമരാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി അമ്മ മക്കൾ മുന്നേറ കഴകം (എഎംഎംകെ). മുഖ്യമന്ത്രി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന് നിയമസഭയിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരന്റെ നടപടി.

പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായും ഏകപക്ഷീയമായും പ്രവർത്തിച്ചതിനാണ് കാമരാജിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതെന്ന് ടിടിവി ദിനകരൻ എക്സിലൂടെ അറിയിച്ചു. "മന്നാർഗുഡി എംഎൽഎ, എസ്. കാമരാജ് പാർട്ടിയുടെ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിരിക്കുന്നു. ഇന്ന് മുതൽ അദ്ദേഹത്തെ പാർട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്തതായി അറിയിക്കുന്നു." - ടി.ടി.വി ദിനകരൻ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എഎംഎംകെയും ടിവികെയും തമ്മിൽ വലിയ പോര് നിലനിന്നിരുന്നു. കാമരാജ് ടിവികെയ്ക്ക് നൽകിയ പിന്തുണക്കത്ത് വ്യാജമാണെന്നായിരുന്നു ദിനകരന്റെ ആരോപണം. കാമരാജിന്റേതെന്ന പേരിൽ ടിവികെ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സമർപ്പിച്ചത് വ്യാജക്കത്താണെന്ന് ദിനകരൻ ആരോപിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ വിജയ്‌യുടെ പാർട്ടി, കാമരാജ് സ്വമേധയാ പിന്തുണ അറിയിക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഈ തർക്കങ്ങൾ നിലനിൽക്കെയാണ് ചൊവ്വാഴ്ച നിയമസഭയിൽ വിജയ് സർക്കാരിന് കാമരാജ് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചത്.

ഇതോടെ ദിനകരൻ ഉടൻ തന്നെ പുറത്താക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു. ഡിഎംകെയിലെ ടി.ആർ.ബി രാജയെ 1,566 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എസ്. കാമരാജ് മന്നാർഗുഡിയിൽ നിന്ന് വിജയിച്ചത്. എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായിരുന്ന എ.എം.എം.കെയുടെ നിയമസഭയിലെ ഏക പ്രതിനിധിയായിരുന്നു അദ്ദേഹം. കാമരാജിന്റെ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

TAGS :

Next Story