അങ്ങനെയാണ് കോൺഗ്രസ് വീണത്; ബിഹാറിലെ വൻ തോൽവിയുടെ കാരണങ്ങൾ
രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലുകളും എസ്‌ഐആറിന് എതിരായ പ്രതിഷേധങ്ങളും നേട്ടമാകുമെന്ന കരുതിയ കോൺഗ്രസിന് ബിഹാറിൽ ഒരു ഇളക്കവും സൃഷ്ടിക്കാനായില്ല

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് കനത്ത തിരിച്ചടി. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലുകളും എസ്‌ഐആറിന് എതിരായ പ്രതിഷേധങ്ങളും നേട്ടമാകുമെന്ന കരുതിയ കോൺഗ്രസിന് ബിഹാറിൽ ഒരു ഇളക്കവും സൃഷ്ടിക്കാനായില്ല. ആറ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്കും ഉവൈസിയുടെ എഐഎംഐഎമ്മിനും അഞ്ച് സീറ്റ് വീതമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ വോട്ട് കൊള്ള അടക്കമുള്ള വിഷയങ്ങൾ എന്തുകൊണ്ട് ബിഹാറിൽ പ്രതിഫലിച്ചില്ല എന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല.
സാമൂഹിക നീതി ഉയർത്തിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണം സവർണ വോട്ട് ബാങ്കിനെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. എസ്‌ഐആറിനും വോട്ട് കൊള്ളക്കും എതിരെ രാഹുൽ ഗാന്ധി നടത്തിയ കാമ്പയിൻ താഴേത്തട്ടിൽ ആളുകൾ ഏറ്റെടുത്തെങ്കിലും നേതൃത്വം അത് ഗൗരവമായി കണ്ടില്ല.
സീറ്റ് കിട്ടാത്തതിനെ തുടർന്ന് ബിജെപി, ജെഡിയു, എൽജെപി തുടങ്ങിയ പാർട്ടികൾ വിട്ടവർക്ക് വ്യാപകമായി സീറ്റ് നൽകി. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിക്കും ആർഎസ്എസിനും എതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ്. എന്നാൽ എൻഡിഎയിലെ പാർട്ടികളിൽ നിന്ന് കൂറുമാറിയെത്തിയ പലരും താത്കാലിക ലാഭം തേടിയെത്തിയവരായിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇപ്പോഴും ബിജെപി, ആർഎസ്എസ് നേതാക്കളെ പുകഴ്ത്തുന്ന പോസ്റ്റുകളുണ്ട്. ഇത് പാർട്ടിയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
പിന്നാക്ക, അതിപിന്നാക്ക വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തിൽ സവർണ വിഭാഗക്കാർ പാർട്ടിയിൽ നിന്ന് അകന്നു. ഇത് മുതലാക്കിയ നിതീഷ് കുമാർ മുന്നാക്ക വിഭാഗക്കാക്ക് താത്പര്യമുള്ളവരെ സ്ഥാനാർഥികളാക്കി. കോൺഗ്രസിനാകട്ടെ പിന്നാക്ക വിഭാഗക്കാരുടെ പിന്തുണ കാര്യമായി നേടാനും കഴിഞ്ഞില്ല. മുസ്‌ലിം, യാദവ വിഭാഗത്തിന് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞില്ല. സ്ത്രീ വോട്ടർമാരുടെ പിന്തുണയും കാര്യമായുണ്ടായില്ല.
സ്ത്രീകൾക്കായി നിതീഷ് കുമാർ സർക്കാർ ആഗസ്റ്റ് 29ന്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന പ്രഖ്യാപിച്ചു, വനിതാ സംരംഭകർക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാൻ സഹായിക്കുന്നതിനായി ഗഡുക്കളായി 2.1 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. 1.21 കോടിയിലധികം സംരംഭകരുടെ അക്കൗണ്ടുകളിൽ ആദ്യ ഗഡുവായ 10,000 രൂപ നിക്ഷേപിച്ചു. ഇത് തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വലിയ അനുകൂല ഘടകമായി.
''എന്റെ ജില്ലയിലെ ഒരു ഇബിസി സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ എത്തി. കുറച്ചു അകലെ, ബ്രാഹ്മണ വോട്ടർമാരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. ഒരു പ്രശസ്ത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഉൾപ്പെടെ 5,000 പേരുടെ ഒരു ജനക്കൂട്ടം രാഹുൽ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. ഒരു ഇബിസി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഒരു ബ്രാഹ്മണ ഗ്രാമം സന്ദർശിക്കുന്നത് നല്ലതല്ല എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഉപദേശം. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയണം''- ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
എസ്‌ഐആർ, വോട്ട് മോഷണം തുടങ്ങിയ വിഷയങ്ങളിലാണ് രാഹുലും കോൺഗ്രസും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആർജെഡിയുടെ തേജസ്വി യാദവ് തൊഴിൽ, ജനങ്ങളുടെ മറ്റ് ദൈനംദിന ആശങ്കകൾ എന്നിവയിലാണ് കൂടുതൽ ഊന്നൽ നൽകിയത്. ഒന്നോ രണ്ടോ റാലികൾ ഒഴികെ, രാഹുലും തേജസ്വിയും വേദി പങ്കിട്ടിരുന്നില്ല. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് യാദവർ അല്ലാത്ത വിഭാഗത്തിൽ എതിർധ്രുവീകരണത്തിന് കാരണമാകുമെന്ന് കോൺഗ്രസ് വിശ്വസിച്ചു. പക്ഷേ ആർജെഡി അത് കേൾക്കാൻ തയ്യാറായില്ല. ഇത്തരം നിരവധി പ്രശ്‌നങ്ങൾ പാർട്ടിയിലും മുന്നണിയിലും ഉണ്ടായിരുന്നതായി ഒരു നേതാവ് പറഞ്ഞു.
Adjust Story Font
16

