ആന്ധ്രാപ്രദേശിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട? പഠനത്തിനായി മന്ത്രിതല സമിതിയെ നിയമിച്ചു
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോഗത്തിന് 16 വയസ്സ് പ്രായപരിധി നിശ്ചയിച്ച് നിയമനിർമാണം നടത്തിയ പശ്ചാത്തലത്തിലാണ് ആന്ധ്രാ സർക്കാരും ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്

- Published:
23 Jan 2026 4:05 PM IST

അമരാവതി: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കവുമായി ആന്ധ്രാപ്രദേശ് സർക്കാർ. കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചോ അല്ലെങ്കിൽ പൂർണമായ വിലക്കിനെക്കുറിച്ചോ വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ (GoM) നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപൂടി അനിത അറിയിച്ചു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോഗത്തിന് 16 വയസ്സ് പ്രായപരിധി നിശ്ചയിച്ച് നിയമനിർമാണം നടത്തിയ പശ്ചാത്തലത്തിലാണ് ആന്ധ്രാ സർക്കാരും ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. ഓസ്‌ട്രേലിയൻ മാതൃക മാത്രമല്ല, ലോകമെമ്പാടും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിലവിലുള്ള സമാനമായ നിയന്ത്രണങ്ങൾ സമിതി പഠനവിധേയമാക്കും. സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും സംസ്ഥാന സർക്കാരിന് നിയമപരമായി എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് സമിതി വിശദമായി പരിശോധിക്കും. സമിതി തയ്യാറാക്കുന്ന പഠന റിപ്പോർട്ടും അതിലെ പ്രധാന ശുപാർശകളും കേന്ദ്ര സർക്കാരുമായി പങ്കുവെക്കുമെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ട്.
നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ പ്രായം ചോദിക്കുന്നുണ്ടെങ്കിലും നൽകുന്ന വിവരം സത്യസന്ധമാണോ എന്ന് പരിശോധിക്കാനുള്ള കൃത്യമായ സംവിധാനങ്ങളില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി, ജനനത്തീയതി തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ അപ്ലോഡ് ചെയ്യുന്നതിലൂടെ മാത്രമേ അക്കൗണ്ട് തുടങ്ങാൻ അനുവാദം നൽകാവൂ എന്ന നിർദേശം സമിതിയുടെ പരിഗണനയിലുണ്ട്. ഇത്തരത്തിൽ ആധികാരികത കർശനമായി ഉറപ്പാക്കുന്നതു വഴി മാത്രമേ നിയന്ത്രണങ്ങൾ ഫലപ്രദമാകൂ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വേണോ അതോ പൂർണമായ വിലക്ക് വേണോ എന്ന കാര്യത്തിൽ സമിതി വ്യക്തത വരുത്തും.
മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവുമായി ചർച്ച ചെയ്ത ശേഷം ഒരു മാസത്തിനകം സമിതി തങ്ങളുടെ ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആന്ധ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി നാരാ ലോകേഷും വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) ഈ നീക്കത്തെ പൂർണമായി പിന്തുണച്ചിട്ടുണ്ട്.
Adjust Story Font
16
