Quantcast

യുപിയിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ പള്ളിയും മദ്രസയും പൊളിച്ചുനീക്കി

552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-05 09:12:14.0

Published:

5 Jan 2026 2:38 PM IST

Another Bulldozer raj in UP Demolishes Mosques and Madrassas
X

ലഖ്നൗ: ഉത്തർപ്രദേശിൽ മസ്ജിദുകൾക്കും മദ്രസകൾക്കും നേരെ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ​ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് അധികൃതർ തകർത്തത്. റാവ ബുസുർഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂർ ​ഗ്രാമത്തിലെ മദ്രസയുമാണ് അധികൃതർ ഞായറാഴ്ച ബുൾഡോസറുമായെത്തി പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കൽ. അനധികൃത കൈയേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചാണ് നടപടി.

റാവ ബുസുർ​ഗയിൽ 552 ചതുരശ്ര മീറ്റർ ഭൂമിയിൽ നിർമിച്ചിരുന്ന പള്ളിയാണ് തകർത്തത്. 2025 ഒക്ടോബർ രണ്ടിന് പള്ളിയുടെ ഒരു ഭാ​ഗം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. രണ്ടാം ഘട്ട പൊളിക്കൽ നടപടിയാണ് ഞായറാഴ്ചയുണ്ടായത്. പള്ളി സ്വയം പൊളിച്ചില്ലെങ്കിൽ‍ ഭരണകൂടം നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു. പള്ളി നിർമിച്ചത് സർക്കാർ ഭൂമിയിലാണെന്ന് ആരോപിച്ചാണ് ബുൾഡോസർ രാജ്.

ഹാജിപൂരിൽ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം 2.5 ബിഗ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഏകദേശം 4,000 ചതുരശ്ര മീറ്റർ മദ്രസയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അനധികൃത‌ ഘടന നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നതായും അത് പാലിക്കാത്തതിനാലാണ് പൊളിച്ചുനീക്കൽ നടപടിയിലേക്ക് കടന്നതെന്നുമാണ് അധികൃതരുടെ ഭാഷ്യം.

അസ്മോലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റാ യാ ഗ്രാമത്തിലെ ഒരു പള്ളിയും കഴിഞ്ഞവർഷം ഒക്ടോബറിൽ സംഭൽ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുശിനഗർ ജില്ലയിലെ ഹത്ത മേഖലയിലെ മദനി മസ്​ജിദിന്‍റെ ഭാഗവും അധികൃതർ‍ തകർ‍ത്തിരുന്നു. സർക്കാർ ഭൂമി കൈയേറി നിർമിച്ചെന്നാരോപിച്ചായിരുന്നു ഈ നടപടിയും.

പള്ളിക്കെതിരായ നടപടിയിൽ ഹൈക്കോടതിയുടെ സ്റ്റേയുണ്ടായിരുന്നു. ഇതിന്‍റെ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് പള്ളി​ പൊളിച്ചത്. പള്ളി കൈയേറിയാണ്​ നിർമിച്ചതെന്ന്​ ആരോപിച്ച്​ ഹിന്ദുത്വ പ്രവർത്തകർ 2024 ഡിസംബർ 18നാണ്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി പരാതി നൽകിയത്​. എന്നാൽ, 15 വർഷം മുമ്പ്​ 33 സെന്‍റ്​ ഭൂമി പള്ളി നിർമാണത്തിന്​ ​​വേണ്ടി വാങ്ങിയതാണെന്ന്​ മസ്​ജിദ്​ കമ്മിറ്റി മറുപടി നൽകിയിരുന്നു.

2024 ഡിസംബർ 10ന് യുപിയിലെ ഫത്തേപ്പൂരിലെ 180 വർഷം പഴക്കമുള്ള നൂരി മസ്ജിദും അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. പള്ളി നിൽക്കുന്നത് അനധികൃത ഭൂമിയിലാണെന്നും ബന്ദ- ബഹ്‌റൈച്ച് ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ഒരു ഭാഗം പൊളിച്ചതെന്നുമായിരുന്നു വിശദീകരണം. ലാലൗലി നഗരത്തിൽ മസ്ജിദ് 1839ൽ നിർമിച്ചതാണെന്നും എന്നാൽ അതിന് ചുറ്റുമുള്ള റോഡ് 1956ലാണ് നിർമിച്ചതെന്നും പള്ളി കമ്മിറ്റി പറഞ്ഞിരുന്നു. പള്ളിയുടെ ഭാഗം പൊളിക്കുന്നതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കുന്നതിന് മുമ്പുതന്നെ അധികൃതർ ബുൾഡോസർ രാജ് നടത്തുകയായിരുന്നു.

2024 നവംബറിൽ സംഭൽ ഷാഹി മസ്ജിദില്‍ അനധികൃത സര്‍വേ നടത്തുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്ര ഭൂമിയിലാണ് നിർമാണമെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടർന്നായിരുന്നു സർവേ നീക്കം.

TAGS :

Next Story