ദീദിയെ ഞെട്ടിച്ച് വീണ്ടുമൊരു കൂടുമാറ്റം? 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം
ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വിടാൻ എംപിമാര്‍ താൽപര്യം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ

- Published:
4 Jun 2026 2:06 PM IST

കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് നാൾക്കുനാൾ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി 20 എംപിമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ ഉടനെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വിടാൻ എംപിമാര്‍ താൽപര്യം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ എൻഡി ടിവിയോട് പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്. എംപിമാരുടെ ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ അത് മമത ബാനർജിയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാകും. പ്രതിപക്ഷ ക്യാമ്പിൽ ഏറ്റവും കൂടുതൽ എംപിമാരുടെ പിന്തുണയുള്ള രണ്ടാമത്തെ പാര്‍ട്ടിയാണ് തൃണമൂൽ കോൺഗ്രസ്.
നിലവിൽ പാർലമെന്‍റിലെ പ്രതിപക്ഷ ചേരിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ് . അതിനാൽ തന്നെ ടിഎംസിയിലെ പിളർപ്പ് മമതയെ മാത്രമല്ല, പാർലമെന്‍റിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ ആകെ ശക്തിയെയും സ്വാധീനത്തെയും ബാധിക്കും.
അതേസമയം ബംഗാളിലെ തൃണമൂൽ എംഎൽഎമാരുടെ ഇടയിൽ ഭിന്നത രൂക്ഷമാണ്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 60 എംഎൽഎമാരുടെ വിമത വിഭാഗം തങ്ങളെ യഥാർഥ തൃണമൂൽ പാർട്ടിയായി പ്രഖ്യാപിച്ചു. ഈ വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും നിയമസഭാ സ്പീക്കറുടെ അംഗീകാരം നേടുകയും ചെയ്തു.നിയമസഭയിൽ പ്രതിപക്ഷ നേതാവായി മമത ബാനർജിയെ തെരഞ്ഞെടുത്ത ഔദ്യോഗിക തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് ഈ 60 എംഎൽഎമാർ രംഗത്തുവന്നിരിക്കുന്നത്.
അഴിമതി, ആർജി കാർ ബലാത്സംഗ-കൊലപാതക കേസ് കൈകാര്യം ചെയ്തതിലെ അപാകത എന്നിവയുൾപ്പെടെ നിരവധി നേതാക്കൾ പാർട്ടിയെ വിമർശിച്ചു. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത യോഗത്തിൽ പലരും പങ്കെടുത്തു.ലോക്‌സഭയിലും രാജ്യസഭയിലും വരും ദിവസങ്ങളിൽ കൂടുതൽ പിളർപ്പുകൾ ഉണ്ടായേക്കാമെന്നും ഇത് പിളർപ്പ് ഗ്രൂപ്പിന്‍റെ നിലപാട് ശക്തിപ്പെടുത്തുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്താനുള്ള ശ്രമങ്ങളിലാണ് മമത ബാനർജിയുടെ ശ്രദ്ധ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
Adjust Story Font
16
