വിവാഹത്തിന് നിർബന്ധിച്ചു; യുപിയിൽ 17കാരിയായ പെൺസുഹൃത്തിനെ സൈനികൻ കഴുത്തറുത്ത് കൊന്നു; മൃതദേഹം കുഴിച്ചുമൂടി
ആൺസുഹൃത്ത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അറിഞ്ഞതോടെയാണ് പെൺകുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്.

Photo| Special Arrangement
ലഖ്നൗ: വിവാഹത്തിന് നിർബന്ധിച്ചതിന് പ്രായപൂർത്തിയാവാത്ത പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നവംബർ 10നാണ് സംഭവം. ദീപക് എന്ന സൈനികനാണ് അറസ്റ്റിലായത്.
ആൺസുഹൃത്ത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് അറിഞ്ഞതോടെയാണ് പെൺകുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം നിരസിച്ച സൈനികൻ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. നവംബർ 15നാണ് പെൺകുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തിൽ നിന്ന് കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നവംബർ 10ന് ദീപക് പെൺകുട്ടിയെ വിളിച്ചുവരുത്തി ബൈക്കിൽ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോവുകയും കത്തി ഉപയോഗിച്ച് കഴുത്തറുത്ത് ശേഷം അവിടെ കുഴിച്ചിടുകയുമായിരുന്നെന്ന് ഗംഗാ നഗർ ഡിസിപി കുൽദീപ് ഗുണവത് പറഞ്ഞു.
നവംബർ 10ന് കന്റോൺമെന്റ് പ്രദേശത്ത് നിന്ന് കൗമാരക്കാരിയെ ഒരാൾ തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്തു നിന്ന് ഒരു ബാഗ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരാളുടെ പേരും ഫോൺ നമ്പറും എഴുതിയ ഒരു ബുക്ക് ഉണ്ടായിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം, തട്ടിക്കൊണ്ടുപോകൽ കേസിൽ കൊലപാതകക്കുറ്റം കൂടി ചേർക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച പൊലീസ് ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ തോട്ടത്തിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയുമായി താൻ അടുപ്പത്തിലായിരുന്നെന്ന് ദീപക് പറഞ്ഞു. ആർമിയിൽ സേവനമനുഷ്ഠിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ പെൺകുട്ടി ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് തങ്ങളുടെ ബന്ധം ആരംഭിച്ചതെന്നും ദീപക് പറഞ്ഞു.
എന്നാൽ, നവംബർ 30ന് മറ്റൊരു സ്ത്രീയുമായി ദീപക്കിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ 17കാരി തന്നെ വിവാഹം കഴിക്കാൻ ദീപക്കിനെ സമ്മർദം ചെലുത്തിയതായി പൊലീസ് പറഞ്ഞു. പഠനത്തിനായി കന്റോൺമെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16

