Quantcast

'എന്ത് ധാര്‍മികതയാണിത്, കെജ്രിവാള്‍ രാജിവെക്കണം': കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

11 വര്‍ഷം പഴക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തികച്ചും കീഴ്‌വഴക്കമില്ലാത്ത കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-23 12:25:35.0

Published:

23 March 2024 12:17 PM GMT

എന്ത് ധാര്‍മികതയാണിത്, കെജ്രിവാള്‍ രാജിവെക്കണം: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം
X

മുംബൈ: മദ്യനയക്കേസില്‍ ഇ.ഡി കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ധാര്‍മികതയുടെ പേരില്‍ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സഞ്ജയ് നിരുപം പറഞ്ഞു.

മദ്യനയത്തിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് കോടതി തീരുമാനിക്കും. ഒരു മുഖ്യമന്ത്രി കുറ്റാരോപിതനായി കസ്റ്റഡിയിലാണ്. അദ്ദേഹം ഇപ്പോഴും തന്റെ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്ത് തരം ധാര്‍മികതയാണിതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് നേരിടുന്നത്. അദ്ദേഹം സഹതാപം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനമൊഴിയാത്ത അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യന്‍ രാഷ്ട്രീയത്തെ മുറിവേല്‍പ്പിക്കുകയാണെന്നും മുന്‍ കോണ്‍ഗ്രസ് എം.പിയായ നിരുപം പറഞ്ഞു.

എല്‍.കെ അദ്വാനി, മാധവ്‌റാവോ സിന്ധ്യ, കമല്‍ നാഥ് എന്നിവരെല്ലാം ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനങ്ങള്‍ രാജിവെച്ചവരാണ്. ട്രെയിന്‍ അപകടത്തെ തുടര്‍ന്നാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജിവെച്ചത്, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ പാരമ്പര്യമുണ്ട്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് രാജിവെച്ചിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. 11 വര്‍ഷം പഴക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തികച്ചും കീഴ്‌വഴക്കമില്ലാത്ത കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനയക്കേസില്‍ അഴിമതി ആരോപിക്കപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ജയിലിലിരുന്ന് കെജ്രിവാള്‍ സംസ്ഥാനം ഭരിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് കെജ്രിവാളും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാസം 28 വരെ കെജ്രിവാള്‍ ഇ.ഡി കസ്റ്റഡിയില്‍ തുടരും.

TAGS :

Next Story